തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്
1 min readഡല്‍ഹി: തീയേറ്ററിനകത്തേക്ക് ഭക്ഷണ പാനീയങ്ങള്‍ പ്രവേശിപ്പിക്കുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. ഉത്തരവ് പ്രകാരം പുറത്തുനിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കുടിവെള്ളം സൗജന്യമായി നല്‍കാന്‍ തീയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതി അറിയിച്ചു.
സിനിമ കാണാനെത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നതില്‍ തീയേറ്റര്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്ന് കോടതി പറഞ്ഞു. പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും വിലക്കാനുള്ള അധികാരവും ഉടമകള്‍ക്കുണ്ട്. അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വേണ്ടി കൊണ്ടുവരുന്ന പ്രത്യേക ഭക്ഷണങ്ങളും പാനീയങ്ങളും തടയാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
തീയേറ്ററുകള്‍ സ്വകാര്യ സ്വത്തുക്കള്‍ ആയതുകൊണ്ടുതന്നെ അവിടേക്ക് എന്തെല്ലാം കൊണ്ടുവരാം എന്നത് സംബന്ധിച്ചും എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നത് സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം തീയേറ്റര്‍ ഉടമകള്‍ക്കാണെന്നും കോടതി പറഞ്ഞു. ഇക്കാര്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.