നാടകീയമായി ഹാജരായി; ശ്രീനാഥ് ഭാസി അറസ്റ്റില്‍
1 min readകൊച്ചി: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിലായി. യൂട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് അറസ്റ്റ്. ശ്രീനാഥിന്റെ അറസ്റ്റ് മരട് പോലീസ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിന് എത്തിയപ്പോൾ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്.
ഐപിസി 509, 354(എ), 294(ബി) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് ശ്രീനാഥ് ഭാസിയോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം എത്തില്ലെന്നായിരുന്നു രാവിലെ പുറത്തുവന്ന റിപ്പോർട്ട്. എന്നാൽ ഉച്ചകഴിഞ്ഞ് നാടകീയമായി ശ്രീനാഥ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടൻ അവതാരകയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവർ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തത്.
ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതും ചേര്‍ത്ത് വെച്ചാകും ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യംചെയ്യുക.