പൊന്നിയിന്‍ സെല്‍വന്‍ ‘റെന്റല്‍സി’ല്‍ അവതരിപ്പിച്ച് പ്രൈം വീഡിയോ; സാധാരണ സ്ട്രീമിംഗ് പിന്നാലെ

1 min read

തമിഴ് സിനിമയുടെ ചരിത്രത്തില്‍ തന്നെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1. മണി രത്‌നം തന്റെ സ്വപ്ന ചിത്രമെന്ന് വിശേഷിപ്പിച്ച സിനിമയ്ക്ക് വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് ആണ് ലഭിച്ചത്. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, ജയം രവി, ജയറാം, തൃഷ, ശരത് കുമാര്‍ തുടങ്ങിയ വന്‍ താരനിരയും ആദ്യ ദിനങ്ങളില്‍ തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകമാണ്. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ആദ്യത്തെ രണ്ട് വാരം കൊണ്ടുതന്നെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. പ്രേക്ഷകരുടെ പ്രിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ആമസോണ്‍ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ്. വമ്പന്‍ ചിത്രങ്ങള്‍ക്ക് പലപ്പോഴും ചെയ്യാറുള്ള, വാടകയ്ക്ക് പണം കൊടുത്ത് കാണാവുന്ന ഏര്‍ളി റെന്റല്‍ സംവിധാനത്തില്‍ ചിത്രം ഇന്നലെ പ്രദര്‍ശനം ആരംഭിച്ചു. 129 രൂപയാണ് ഇതിന് നല്‍കേണ്ടത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം കാണാനാവും. നവംബര്‍ 4 മുതല്‍ പ്രൈം വീഡിയോയുടെ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും അധിക തുക നല്‍കാതെ തന്നെ ചിത്രം ആസ്വദിക്കാനാവും . നേരത്തെ കെജിഎഫ് ചാപ്റ്റര്‍ 2, 777 ചാര്‍ലി, സര്‍ക്കാരു വാരി വാട്ട, റണ്‍വേ 34 തുടങ്ങിയ ചിത്രങ്ങളും റെന്റല്‍ രീതിയില്‍ പ്രൈം വീഡിയോ സ്ട്രീം ചെയ്തിരുന്നു.

രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് തിയറ്ററുകളില്‍ എത്തിയത്. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവര്‍മ്മന്‍ എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് പൊന്നിയിന്‍ സെല്‍വന്റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ഫ്രാഞ്ചൈസിയിലെ രണ്ട് ഭാഗങ്ങളുടെയും കൂടിയുള്ള നിര്‍മ്മാണച്ചെലവ്. മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്.

Related posts:

Leave a Reply

Your email address will not be published.