ന്നാ താന്‍ കേസ് കോഡ്
1 min readകൊച്ചി: കുഞ്ചാക്കോ ബോബന് നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താന്‍ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളില്‍ ഉള്‍പ്പെടെ നല്കിയ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തര്‍ക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമര്‍ശകരുടെ വാദം. അതിനിടെ, സിനിമാ പോസ്റ്ററിലെ വാചകത്തെ ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി.
പോസ്റ്ററിലെ വാചകം ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന് വി.ഡി.സതീശന് ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരടിക്കുന്നവര്‍ ഇതിനെ എതിര്‍ക്കുന്നത് എന്തിനാണ്? ഇത്തരം എതിര്‍പ്പുകള്‍ ഉണ്ടായാല്‍ സിനിമ കൂടുതല്‍ പേര് കാണുമെന്നും സതീശന് അഭിപ്രായപ്പെട്ടു. പ്രതികരണത്തിനില്ലെന്ന മറുപടിയില്‍ മന്ത്രി മുഹമ്മദ് റിയാസും പ്രതികരണം ഒതുക്കി.
കേരളത്തിലെ റോഡിലെ കുഴികള്‍ സംസ്ഥാന സര്‍ക്കാരിന്റേതാണോ അതോ കേന്ദ്ര സര്‍ക്കാരിന്റേതാണോ എന്ന ചര്‍ച്ച കൊടുമ്പിരി കൊള്ളുമ്പോഴാണ് ഒരു സിനിമാ പോസ്റ്ററിലെ ‘കുഴി പരാമര്‍ശം’ വിവാദമായിരിക്കുന്നത്. പോസ്റ്ററിലെ വിവാദ വാചകത്തില്‍ ഒരു സര്‍ക്കാരിനെയും പരാമര്‍ശിച്ചിട്ടില്ലാത്തതിനാല്‍, കുഴിയുടെ കാര്യത്തിലെന്നപോലെ പരസ്യ വാചകത്തിലെ പരാമര്‍ശം ഏതു സര്‍ക്കാരിനെ ഉദ്ദേശിച്ചാണ് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ വ്യാപകം.
ചിത്രത്തിന്റെ സംവിധായകന് തന്നെയാണ് പോസ്റ്ററില്‍ ഈ വാചകം ചേര്‍ത്തിരിക്കുന്നത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ ഈ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനു താഴെയും സിനിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും ട്രോളുകളും കൂടാതെ വഴിയിലെ കുഴികളുടെ ചിത്രങ്ങളടക്കം കമന്റുകളായി വരുകയാണ്.
എന്നാല്‍, സിപിഎം അനുകൂല സൈബര്‍ പേജുകളില്‍ ഈ പോസ്റ്ററിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇന്നു തന്നെ ഈ സിനിമ കാണാന്‍ തീരുമാനിച്ചിരുന്നുവെന്നും, സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പ്രസിദ്ധീകരിച്ചതിനാല്‍ തീരുമാനം മാറ്റിയെന്നുമാണ് ഇടത് അനുകൂല പേജുകളിലെ വികാരം.
അതേസമയം, സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാത്രം നല്കിയ വാചകമാണ് ഇതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന വിശദീകരണം. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് കൗതുകത്തിനായി മാത്രം തയാറാക്കിയ പോസ്റ്ററാണിതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
സുരാജ് വെഞ്ഞാറമ്മൂട്, സൗബിന് താഹിര്‍ തുടങ്ങിയവര്‍ അഭിനയിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, നിവിന്‍ പോളി നായകനായ കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാള് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താന്‍ കേസു കൊട്’.