ഒടിടി റിലീസുകളുടെ പൊന്നോണം
1 min readതിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ പൃഥ്വിരാജ് ചിത്രം കടുവ ഉള്‍പ്പടെ നിരവധി സിനിമകളാണ് ഓഗസ്റ്റ് ആദ്യവാരം തിയറ്ററുകളിലെത്തിയത്. ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ് ഓഗസ്റ്റ് 11ന് പ്രൈമിലൂടെയും ജയസൂര്യയുടെ ജോണ്‍ ലൂഥര്‍ ഓഗസ്റ്റ് 5ന് മനോരമ മാക്സിലൂടെയും റിലീസിനെത്തി. ആലിയ ഭട്ടിന്റെ ഡാര്‍ലിങ്സ് ഓഗസ്റ്റ് 4ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. സത്യന് അന്തിക്കാട് ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മകള്‍, ഓഗസ്റ്റ് 18ന് മനോരമ മാക്സിലൂടെ റിലീസ് ചെയ്യും. ഈ മാസം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നത് പ്രധാന സിനിമകളും സീരിസുകളും ഏതൊക്കെയെന്ന് നോക്കാം.
ഹെവന്‍: ഹോട്ട്സ്റ്റാര്‍: ഓഗസ്റ്റ് 19
സൂരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത ചിത്രം. ദീപക് പരമ്പോല്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്, ശ്രുതി ജയന്, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബന്, ആഭിജ ശിവകല, ശ്രീജ, മീര നായര്‍, മഞ്ജു പത്രോസ്, ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യന് തിരക്കഥയെഴുതുന്നു.
താങ്ക്യു: പ്രൈം: ഓഗസ്റ്റ് 11
നാഗ ചൈതന്യയെ നായകനാക്കി വിക്രം കുമാര്‍ ഒരുക്കിയ തെലുങ്ക് ചിത്രം. ജൂലൈ 22ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്സ്ഓഫിസില്‍ വമ്പന്‍ പരാജയമായിരുന്നു. നാഗ ചൈതന്യയ്ക്കൊപ്പം റാഷി ഖന്ന, മാളവിക നായര്‍, അവിക ഗോര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഡാവെര്: ഹോട്ട്സ്റ്റാര്‍: ഓഗസ്റ്റ് 12
അമല പോളിനെ നായികയാക്കി അനൂപ്.എസ്.പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഫോറന്‍സിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസറായ പൊലീസ് സര്‍ജനായി അമലയെത്തുന്നു.
നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന. അരവിന്ദ് സിങ്ങ് ആണ് ഛായാഗ്രഹണം. ലോകേഷ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു.
മകള്‍: മനോരമ മാക്സ്: ഓഗസ്റ്റ് 18
നീണ്ട ഇടവേളയ്ക്കുശേഷം ജയറാമിനെ നായകനായി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. മീര ജാസ്മിന് ആണ് നായിക. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് തിരക്കഥ. ജൂലിയറ്റ് എന്ന കഥാപാത്രമായി മീര എത്തുന്നു. ഇന്നസെന്റ്, ശ്രീനിവാസന്, ശ്രീലത, സിദ്ദിഖ്, അല്‍ത്താഫ്, നസ്ലിന്, ദേവിക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ഗാര്‍ഗി: സോണി ലിവ്വ്: ഓഗസ്റ്റ് 12
സായി പല്ലവിയെ പ്രധാന കഥാപാത്രമാക്കി ഗൗതം രാമചന്ദ്രന് സംവിധാനം ചെയ്ത ചിത്രം. ഗാര്‍ഗി ഒരു ഇമോഷനല്‍ കോര്‍ട്ട്റൂം ഡ്രാമയാണ്. സായ് പല്ലവിക്ക് പുറമേ കാളി വെങ്കട്ട്, പരുത്തിവീരന് ഫെയിം ശരവണന്, കലേഷ് രാമാനന്ദ്, ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിക്കുന്നു..