വര്‍ഷങ്ങളായി പോലീസിന്റെ തലവേദന; കുപ്രസിദ്ധ മോഷ്ടാവ് മരിയാർ മരിയാര്‍പൂതം ജോൺസൻ പിടിയില്‍

1 min read

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാർ മരിയാര്‍പൂതം ജോൺസൻ (54) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായി. എറണാകുളം നോർത്ത് പൊലീസിനു വർഷങ്ങളായി തലവേദനായി മാറിയ മോഷ്ടാവാണ് മരിയാർ പൂതം. മരിയാർ പൂതമെന്നതു പിതാവിന്റെ പേരാണെന്ന് പറയുന്നു. ഇയാൾക്കെതിരെ കേരളത്തിൽ വിവിധ സ്റ്റേഷനുകളിലായി ഇരുന്നൂറിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നു പുലർച്ചെ മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.

പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാള്‍ കത്തികൊണ്ട് വീട്ടുടമയെ വെട്ടി. തലയ്ക്കു പരുക്കുണ്ട്. ശബ്ദംകേട്ട് ഉണർന്ന വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിയെത്തി ഇയാളെ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയാൽ പൊലീസിനോടുള്ള പ്രതികാരമായി നോർത്ത് സ്റ്റേഷൻ പരിധിയിൽനിന്നു മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. അതുകൊണ്ടുതന്നെ ഇയാൾ ജയിലിൽ നിന്നിറങ്ങിയാൽ പ്രദേശത്തെ നാട്ടുകാരും പൊലീസും ജാഗ്രതയിലാകും. ഇയാളെ പിടികൂടുന്നതിനായി പ്രത്യേക വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി സംഘടിച്ച സാഹചര്യം വരെയുണ്ട്.

കാലിന്റെ തള്ള‍വിരലിൽ ഊന്നി ഓടാനുള്ള കഴിവാണ് ഇയാളെ മിക്കപ്പോഴും രക്ഷപെടാൻ സഹായിക്കുന്നത്. ചെരുപ്പ് ഉപയോഗിക്കാതെ രണ്ടു വിരലിൽ മതിലിലൂടെ ഓടി രക്ഷപ്പെടുന്നതാണു പതിവ്. റെയിൽവേ ട്രാക്കിലൂടെയും ഇയാൾ അതിവേഗം ഓടുമെന്നു പൊലീസ് പറയുന്നു. രാത്രികളിൽ മാത്രം പുറത്തിറങ്ങി നടക്കുന്നതാണു പതിവ്.

തമിഴ്നാട്ടിലെ കുളച്ചലിൽനിന്ന് ഏഴാം വയസ്സിൽ ആക്രി പെറുക്കുന്നതിനു കൊച്ചിയിലെത്തിയ, ഇയാൾ പിന്നീട് നാടിനെ വിറപ്പിക്കുന്ന മോഷ്ടാവായി മാറുകയായിരുന്നു. രാത്രി മാത്രം മോഷ്ടിക്കാൻ ഇറങ്ങുന്ന ഇയാൾ ദീർഘമായ ഇടവേളകളിട്ടു മാത്രം മോഷ്ടിക്കുന്നതാണു പതിവ്. മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ മുകളിൽ കയറിപ്പറ്റി മുകളിലെ വാതിൽ പൊളിച്ച് അകത്തു കടന്നു മോഷണം നടത്തും. ഇതിനുശേഷം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ കയറി സ്ഥലം വിടുകയും ചെയ്യും. ലഭിച്ച പണം തീർന്നു കഴിയുമ്പോൾ അടുത്ത മോഷണത്തിന് നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ എത്തുകയും ചെയ്യും. സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ കയറി മോഷ്ടിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നതും പതിവാണ്.

മോഷണത്തിന് ഇറങ്ങുമ്പോൾ കമ്പിപ്പാരയോ വെട്ടുകത്തിയോ എപ്പോഴും കയ്യിൽ കരുതിയിട്ടുണ്ടാകും. കൊച്ചി നഗരത്തിൽ ആക്രി പെറുക്കി നടന്നുള്ള പരിചയം ഉള്ളതിനാൽ വഴികൾ മനഃപാഠമാണ്. 2018ൽ മോഷണക്കേസിൽ പൊലീസ് പിടികൂടിയതിനു പിന്നാലെ രണ്ടു വർഷം തടവു ശിക്ഷ അനുഭവിച്ചു. പുറത്തിറങ്ങിയ സമയത്തു തന്നെ പൊലീസ് പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകിയിരുന്നു.

2008ലും മോഷണക്കുറത്തിന് അറസ്റ്റിലായി മൂന്നു വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂന്നു തവണ ഇയാളെ തേടി കേരള പൊലീസ് കുളച്ചലിലെ വീട്ടിൽ എത്തിയിട്ടുണ്ട്. മിക്കപ്പോഴും പൊലീസിനെ വെട്ടിച്ചു കടന്നുകളയുന്നതാണ് പതിവ്. ഇയാളടെ ഭാര്യ പുനിതയെയും 2012ൽ പൊലീസ് പിടികൂടിയിരുന്നു. ഇവരാണ് ഇയാളുടെ മോഷണ മുതലുകൾ വിൽക്കാൻ സഹായിച്ചിരുന്നതെന്നു പൊലീസ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.