മാധവന്‍കുട്ടി ഇല്ലാത്ത ഹിറ്റ്‌ലര്‍
1 min readകോമഡി ഇഷ്ടപ്പെടാതെ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി ഷൂട്ടിനിടെ ഇറങ്ങിപോയി
മലയാള സിനിമയെ സ്വാഭാവിക നര്‍മ്മം നിറച്ച സിനിമകളിലൂടെ വഴിനടത്തിയ ഹിറ്റ് കൂട്ടുക്കെട്ടായിരുന്നു സിദ്ധിഖ്‌ലാല്‍. സൂപ്പര്‍ താരങ്ങളുടെ നെടുനീളന്‍ ഡയലോഗുകളോ ആവേശം കൊള്ളിക്കുന്ന മാസ് ആക്ഷന്‍ രംഗങ്ങളോ ഇല്ലാത്ത ചിത്രങ്ങള്‍ ഒരുക്കുവാന്‍ അവര്‍ ശ്രദ്ദിച്ചിരുന്നു. കലാഭവനില്‍ ആബേലച്ചന്റെ ശിക്ഷണത്തില്‍ മിമിക്രി കലാകാരന്മാരായി അരങ്ങ് തകര്‍ക്കുമ്പോഴും പിന്നീട് സംവിധായകന്‍ ഫാസിലിനൊപ്പം സംവിധാന സഹായികളായി സിനിമയിലേക്ക് നടന്നുകയറുമ്പോഴും ഇരുവരും ഒന്നിച്ചുണ്ടായിരുന്നു. നിരവധി എവര്‍ ഗ്രീന്‍ ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചു ഈ കൂട്ടുകെട്ട്. റാംജി റാവു സ്പീക്കിങ് എന്ന ആദ്യ ചിത്രം സൂപ്പര്‍ഹിറ്റാക്കി കൊണ്ട് മലയാളത്തിലേക്കുള്ള വരവറിയിച്ചു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
ശേഷം 1996ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്ന ഹിറ്റ്‌ലര്‍. സിനിമയുടെ തിരക്കഥയും സംവിധാനവും സിദ്ധിഖ് നിര്‍വ്വഹിച്ചപ്പോള്‍ നിര്‍മ്മാതാവായിട്ടായിരുന്നു ലാല്‍ എത്തിയിരുന്നത്. ശോഭന ആയിരുന്നു നായിക. ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയായി മമ്മൂക്ക എത്തിയ ചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന തരത്തിലായിരുന്നു സിദ്ദിഖ് ഒരുക്കിയിരുന്നത്. മാധവന്‍കുട്ടി എന്ന സഹോദരന്റെയും 5 സഹോദരിമാരുടെയും കഥ പറഞ്ഞ ഹിറ്റ്‌ലര്‍ അക്കാലത്തെ മെഗാ ഹിറ്റുകളില്‍ ഒന്നായിരുന്നു. മികച്ച പാട്ടുകള്‍, മികച്ച സംഘട്ടനങ്ങള്‍ എന്ന് തുടങ്ങി ജനപ്രിയസിനിമയ്ക്ക് വേണ്ടുന്നതായ എല്ലാ ഘടകങ്ങളെയും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുകൊണ്ടാണ് സിദ്ദിഖ് ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയെ അണിയിച്ചൊരുക്കിയത്. മമ്മൂട്ടിക്കൊപ്പം മുകേഷ്, ജഗദീഷ്, സായ് കുമാര്‍, ഇന്നസെന്‍്, കൊച്ചിന്‍ ഹനീഫ, സോമന്‍, ഇടവേള ബാബു ഉള്‍പ്പടെ നിരവധി താരങ്ങള്‍ അണിനിരന്നു. നായികനിരയില്‍ വാണി വിശ്വനാഥ്, ആനി, സുചിത്ര, ചിപ്പി ഉള്‍പ്പെടെയുള്ളവര്‍ എത്തി. സ്‌നേഹസമ്പന്നനായ ചേട്ടന്‍ എന്ന സ്ഥിരം ബിംബത്തെ മുന്‍നിര്‍ത്തിയാണ് മമ്മൂട്ടിയുടെ മാധവന്‍കുട്ടിയെ ക്രമീകരിച്ചിരുന്നത്, എങ്കിലും മുന്‍ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ തീവ്രമായി ആ ബന്ധത്തെ ആവിഷ്‌കരിക്കുവാന്‍ ഹിറ്റ്‌ലര്‍ എന്ന സിനിമയ്ക്ക് കഴിഞ്ഞു.
അന്ന് മമ്മൂട്ടി പെട്ടന്ന് സെറ്റില്‍ നിന്ന് ഇറങ്ങി പോയിരുന്നു. മമ്മൂക്ക കാരണം ഷൂട്ടിങ് നിര്‍ത്തി വെയ്‌ക്കേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ ഷൂട്ടിംഗ് വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് സിദ്ധിഖ് മുന്നോട്ടുകൊണ്ടുപോയിരുന്നത്. ഷൂട്ടിംഗിനിടെ തനിക്ക് അപ്രതീക്ഷിതമായ വന്നൊരു അവസരത്തെക്കുറിച്ച് മമ്മൂക്ക സിദ്ധിഖിനോടും ലാലിനോടുമായി പറഞ്ഞു. ഇംഗ്ലണ്ടില്‍ നിന്നും ഒരു സിനിമാ കമ്പനി തന്റെ ഡേറ്റിനായി സമീപിച്ചിട്ടുണ്ടെന്നും സമയം ഒത്തുവന്നാല്‍ അവരുടെ ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നുമായിരുന്നു മമ്മൂക്ക പറഞ്ഞത്.
മമ്മൂക്ക തനിക്ക് ലഭിച്ച അവസരത്തക്കുറിച്ച് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ലാലിന്റെ മറുപടി വന്നു. മമ്മൂക്ക എന്ത് തന്നെ സംഭവിച്ചാലും ആ ഓഫര്‍ സ്വീകരിക്കണമെന്ന് പറഞ്ഞാണ് ലാല്‍ തുടങ്ങിയത്. ഇന്ത്യക്കാരെ നൂറ്റാണ്ടുകളോളം ഭരിച്ചു മുടിച്ചവരാണ് ബ്രീട്ടീഷുകാരെന്നും അവരോട് പ്രതികാരം ചെയ്യണമെങ്കില്‍ ഇങ്ങനെയെ പറ്റൂവെന്നായിരുന്നു ആ മറുപടി.. ആ പ്രോജക്ടില്‍ മമ്മൂക്ക അഭിനയിക്കണം. അവന്മാര് കണക്കിന് അനുഭവിക്കട്ടെ, എന്നും ലാല്‍ കൂട്ടിചേര്‍ത്തു.
ലാലിന്റെ മറുപടി കേട്ടതും മമ്മൂക്ക ഹിറ്റ്‌ലറിന്റെ സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി. ലാല്‍ പറഞ്ഞ കൗണ്ടര്‍ ഇഷ്ടപ്പെടാഞ്ഞതിനാലാണ് മമ്മൂക്ക ഷൂട്ടിംഗ് നിര്‍ത്തി മടങ്ങിയത്. മമ്മൂക്ക പോയതോടെ ചിത്രത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിഗ് പൂര്‍ണമായി മുടങ്ങിയിരുന്നു. ചുമ്മാ പറഞ്ഞൊരു തമാശ, പക്ഷെ ഒരു ലക്ഷത്തിന്റെ നഷ്ടമായിരുന്നു നിര്‍മ്മാതാവായ ലാലിന് അദ്ദേഹത്തിന്റെ തന്നെ വാക്കു കൊണ്ടുണ്ടായത്.
ഇങ്ങനെയൊക്കെ നടന്നുവെങ്കിലും, പിന്നീട് മമ്മൂട്ടി ഷൂട്ടിനോട് സഹകരിക്കുകയും സിനിമ പ്രതീക്ഷിച്ചതിലുമപ്പുറം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാള സിനിമയുടെ ചരിത്രത്തില്‍ വലിയ വിജയങ്ങള്‍ നേടിയ സിനിമയ്‌ക്കൊപ്പമാണ് ഹിറ്റ്‌ലറിന്റെ സ്ഥാനം. 28വര്‍ഷം പിന്നിടുന്ന ഈ കാലയളവില്‍ ഹിറ്റ്‌ലര്‍ എന്ന സിനിമ കാണുന്നതിന് പ്രേക്ഷകര്‍ക്ക് യാതൊരു മടുപ്പും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. ചിത്രത്തെ സംബന്ധിച്ച് ഏറെ രസകരമായ ഒരു കാര്യം എന്നത് സിനിമയുടെ ടൈറ്റില്‍ കാര്‍ഡുകള്‍ കാണിക്കുന്നത് ഏകദേശം 45 മിനിറ്റോളം പിന്നിട്ടതിനുശേഷം ആണ്, അത് അക്കാലത്തെ ഒരു പുതുമ തന്നെയായിരുന്നു. ‘അവള്‍ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഉണര്‍ന്നേനെ മാധവന്‍കുട്ടി’ സോമന്റെ വളരെ സെന്റി ആയ ഈ ഒരു ഡയലോഗ് കേരളത്തിലെ മിമിക്രി വേദികളിലും ടെലിവിഷന്‍ ഷോകളിലും ഏറെക്കാലം നിറഞ്ഞു നിന്നു.