സിനിമയിലെ റോഡിലെ കുഴിയുടെ പിന്നാലെ വന്‍ വിവാദങ്ങള്‍.
1 min readതിരുവനന്തപുരം: ഇന്ന് റിലീസ് ചെയ്ത കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. റോഡിലെ കുഴികളെ ട്രോളി സിനിമയുടെ പോസ്റ്റര്‍ ഇറക്കിയത് ആവിഷ്‌കാര സ്വതന്ത്ര്യമായി കാണണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ മാത്രം എടുത്താല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സിനിമയുടെ പോസ്റ്ററിലെ ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ഇടത് അനുകൂല സൈബര്‍ ഇടങ്ങളില്‍ വ്യാപക പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും പ്രതികരണം.
‘സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതി. അതിന്റെ മറ്റു കാര്യങ്ങള്‍ എനിക്കറിയില്ല. റോഡിലെ കുഴി പണ്ടേയുള്ള പ്രശ്‌നമാണ്. അതു പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വീകരിക്കും’ മന്ത്രി വിശദീകരിച്ചു.
‘എണ്‍പതുകളില്‍ ഒരു സിനിമ ഇറങ്ങിയിരുന്നു, വെള്ളാനകളുടെ നാട്. ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാലും ശ്രീനിവാസനും അഭിനയിച്ച സിനിമ. തിരക്കഥയും ശ്രീനിവാസന്റേതാണെന്നു തോന്നുന്നു. എനിക്ക് കൃത്യമായി ഓര്‍മയില്ല. ശ്രീനിവാസന്‍ പ്രിയദര്‍ശനുവേണ്ടി വളരെ കുറച്ച് തിരക്കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളൂ. കൂടുതലും സത്യന്‍ അന്തിക്കാടിനു വേണ്ടിയാണ് എഴുതിയിട്ടുള്ളത്. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന താമരശേരി ചുരവുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ ഇന്നും ഹിറ്റല്ലേ. ‘ഇപ്പൊ ശര്യാക്കിത്താരം’ എന്നൊക്കെ പറയുന്നത് ഇന്നും നാം പറഞ്ഞു നടക്കുന്നില്ലേ? ഇതും സിനിമയും അതിന്റെ പരസ്യവുമായി മാത്രം കണ്ടാല്‍ മതി’ റിയാസ് പറഞ്ഞു.
സിനിമ ബഹിഷ്‌കരിക്കാന്‍ ഉള്‍പ്പെടെ ഇടത് അനുകൂല പേജുകളില്‍ നടക്കുന്ന പ്രചാരണത്തെ വി.ഡി.സതീശനും വിമര്‍ശിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരടിക്കുന്നവര്‍ ഈ പോസ്റ്ററിനെ എതിര്‍ക്കുന്നതെന്തിനെന്നും സതീശന്‍ ചോദിച്ചു. ഇത്തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ സിനിമ കൂടുതല്‍ ആളുകള്‍ കാണുമെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.
”തിയറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുത്’ എന്നാണ് ദേശാഭിമാനി പത്രത്തിന്റെ ആദ്യ പേജിലുള്ള സിനിമാ പരസ്യത്തില്‍ പറയുന്നത്. എന്നാല്‍ സിനിമ കാണരുതെന്ന ആഹ്വാനമാണ് സൈബറിടങ്ങളില്‍ നടക്കുന്നത്. ആവിഷ്‌കാര സ്വാതത്രത്തിനു വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണെങ്കിലും അവരെ വിമര്‍ശിച്ചാല്‍ കഥ കഴിക്കുമെന്ന സമീപനക്കാരാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം. സിനിമ കാണരുതെന്ന പ്രചരണം നടത്തിയാല്‍ കൂടുതല്‍ ആളുകള്‍ സിനിമ കാണും.’ സതീശന്‍ പറഞ്ഞു.