നല്ലവനായ കൊള്ളക്കാരൻ, ചിരിപ്പിച്ചുകൊല്ലാൻ നിവിൻപോളി
1 min readഓണം റിലീസായെത്തുന്നു രാമചന്ദ്രബോസ് & കോ
നിവിൻപോളി നായകനായി എത്തുന്ന രാമചന്ദ്രബോസ് ആൻഡ് കോ എന്ന ചിത്രത്തിലെ യല്ലഹബിബി ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം നൽകിയിരിക്കുന്നു. സിയാഉൾഹഖ്, വിദ്യാപ്രകാശ്, മിഥുൻമുകുന്ദൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ചിരികളാൽ സമ്പന്നമായ എന്റർടെയ്‌നർ ചിത്രമായാണ് രാമചന്ദ്രബോസ് & കോ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഒരു കൊള്ളയുടെയും നല്ലവനായ കൊള്ളക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. ടീസറിൽ തന്നെ രസകരവും സ്‌റ്റൈലിഷുമായ രംഗങ്ങൾ ഏറെയുണ്ട്. എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന രാമചന്ദ്രബോസ് & കോ നിരാശരാക്കില്ല എന്ന പ്രതീക്ഷയിലാണ് നിവിൻപോളി ആരാധകർ. കൊള്ളക്കാരന്റെ വേഷമാണ് നിവിൻപോളിക്ക്. ചെറിയ ഗ്യാങ്ങുമായി വലിയ കൊള്ളയ്ക്കിറങ്ങുന്ന കഥാപാത്രം. ആ കഥാപാത്രത്തിന്റെ ഡയലോഗുകൾക്ക് കൗണ്ടറടിച്ച് ജാഫർ ഇടുക്കിയും ടീസറിൽ ഹൈലൈറ്റ് ആകുന്നുണ്ട്.
യുഎഇയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. നിവിൻപോളിക്കൊപ്പം ജാഫർഇടുക്കി, വിനയ്‌ഫോർട്ട്, വിജിലേഷ്, മമിതബൈജു, ആർഷബൈജു തുടങ്ങിയവരും അഭിനേതാക്കളാണ്. ഹനീഫ് അദേനി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ലിസ്റ്റിൻസ്റ്റീഫനും നിവിൻപോളിയുമാണ്.