മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്കോ?

1 min read

കേട്ടത് സത്യമോ, മഞ്ജു ആ ഓഫര്‍ സ്വീകരിക്കുമോ?

കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യര്‍.

പതിനാല് വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്കുള്ള പ്രവേശനം ആഘോഷമാക്കിയവരാണ് മലയാളികള്‍. താരത്തിന്റെ തിരിച്ചുവരവ് അത്രയും പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ തന്റെ വരവ് അറിയിച്ച മഞ്ജു പിന്നീടിങ്ങോട്ട് കാലത്തിനനുസരിച്ച് മാറിക്കൊണ്ടേയിരുന്നു. സിനിമാ തിരഞ്ഞെടുപ്പുകളിലും, ലുക്കിലും, സംസാരത്തിലുമൊക്കെയുള്ള മഞ്ജുവിന്റെ മാറ്റവും പക്വതയും പലപ്പോഴും ചര്‍ച്ചയായി.

ഇനി മഞ്ജു അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. തമിഴില്‍ വിജയ് യുടെ രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ഇതാ മലയാളത്തില്‍ നിന്ന് മഞ്ജു വാര്യരും. മഞ്ജു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ പ്രമുഖ മലയാളം ചാനലുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയായി മഞ്ജു വാര്യര്‍ നില്‍ക്കും എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി മത്സരിക്കുന്നത് ഇപ്പോള്‍ സ്വാഭാവികമായിരിക്കുകയാണ്. സിനിമാ ജീവിതത്തില്‍ മഞ്ജുവിന് ഏറ്റവും അടുപ്പമുള്ള ഇന്നസെന്റ് നിന്ന് മത്സരിച്ച ഇടത്തേക്കാണ് ഇപ്പോള്‍ നടിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നത്.

സിനിമയിലേക്ക് തിരിച്ചുവന്നതിന് ശേഷം മഞ്ജു സിനിമയില്‍ മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളിലും സജീവമായിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍, ഷി ടാക്‌സി, പിങ്ക് പൊലീസ്, കുടുംബശ്രീയുടെ ജൈവ കൃഷി പദ്ധതി, ഹോര്‍ട്ടി കോര്‍പ്പ്, നൈപുണ്യ വികസന പദ്ധതികള്‍ തുടങ്ങിയ സര്‍ക്കാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഗുഡ് വില്‍ അംബാസഡറാണ് മഞ്ജു ഇപ്പോള്‍.

കരിയറില്‍ താരം മലയാളം വിട്ട് തമിഴിലും ഹിന്ദിയിലുമെല്ലാം സജീവമായി നില്‍ക്കുന്ന സമയമാണിത്. രജിനികാന്തിന്റെ വേട്ടൈയാന്‍ ഉള്‍പ്പടെ രണ്ട് തമിഴ് സിനിമകള്‍ കരാര്‍ ചെയ്തിട്ടുണ്ട്. അമൃത് പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറുന്നു. ഫൂട്ടേജ്, എംപുരാന്‍ എന്നിവയാണ് ഇനി മലയാളത്തില്‍ വരാനിരിയ്ക്കുന്ന മഞ്ജു വാര്യര്‍ ചിത്രങ്ങള്‍.

Related posts:

Leave a Reply

Your email address will not be published.