അയ്യപ്പന്‍ എന്ന സത്യത്തെ ഹൃദ്യമായി അവതരിപ്പിച്ച ചിത്രം, മാളികപ്പുറത്തെ അഭിനന്ദിച്ച് കുമ്മനം
1 min readഅയ്യപ്പന്‍ എന്ന സത്യത്തെ ഹൃദയാവര്‍ജകമായി അവതരിപ്പിക്കുന്ന സിനിമയാണ് മാളികപ്പുറമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സു നിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പിയെത്തിയെന്നും കുമ്മനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആനുകാലിക സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റിയും ചിത്രം ചര്‍ച്ച ചെയ്യുന്നു. സിനിമയുടെ ഭാഗമായ എല്ലാ അഭിനേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
മാളികപ്പുറം സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും ഇരമ്പി എത്തിയെന്നും ഒരിക്കലും മറക്കാനാവാത്ത ഉജ്ജ്വല കഥാമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണ് നല്‍കുന്നതെന്നും അയ്യപ്പന്‍ എന്ന സത്യത്തെ ആസ്വാദകമനസിലേക്ക് ആഴത്തില്‍ വേരൂന്നുന്ന സന്ദര്‍ഭങ്ങള്‍ വളരെ ഹൃദയാവര്‍ജകമായി അവതരിപ്പിച്ചിരിക്കുന്നു. രണ്ട് കുട്ടികളുടെ നിഷ്‌കളങ്ക മനസിനും അടങ്ങാത്ത ദാഹത്തിനും മുന്നില്‍ സര്‍വതും കീഴടങ്ങുന്നു. മനുഷ്യക്കടത്ത്, കടക്കെണി തുടങ്ങിയ ആനുകാലിക സാമൂഹ്യ പ്രശ്‌നങ്ങളും വിശ്വാസം കരുത്താര്‍ജിക്കുന്ന ഉജ്ജ്വല നിമിഷങ്ങളും ഭംഗിയായി കോര്‍ത്തിണക്കിയിട്ടുണ്ട്. നടീ നടന്മാരുടെ അഭിനയ ചാതുര്യത്തിനും സര്‍ഗ്ഗവൈഭവത്തിനും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അനുമോദനങ്ങള്‍ എന്നുമാണ് കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.