അടൂരിനെ വിമര്‍ശിക്കുന്നവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കണമെന്ന് എം എ ബേബി

1 min read

കൊച്ചി: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും എടുത്ത് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണമെന്നും എം എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മഹാനായ ചലച്ചിത്രകാരന്‍ എന്നത് കൂടാതെ പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷതയടക്കമുള്ള ചുമതലകള്‍ വഹിച്ചിട്ടുള്ള സ്ഥാപനനായകനുമാണ് അദ്ദേഹം എം എ ബേബി പറയുന്നു.

അടൂര്‍ പറയുന്ന വാക്കുകള്‍ ഓരോന്നും വലിച്ചിഴച്ച് അദ്ദേഹത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രവധം ചെയ്യുന്നത് വിപ്ലവകരമായ ഒരു പ്രവര്‍ത്തനം ആണെന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ ഒന്നുകൂടെ പഠിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളുവെന്നും തന്റെ ജീവിതചുറ്റുപാടുകള്‍ക്ക് നേരെ ക്യാമറ തിരിച്ചു വച്ച മഹാനായ കലാകാരനാണ് അദ്ദേഹമെന്നും. അടൂരിനെ ഒരു ജാതിവാദി എന്ന് വിളിക്കുന്നത് കുറഞ്ഞ പക്ഷം ഭോഷ്‌കാണെന്നും അദ്ദേഹം പറഞ്ഞു. മലയാളസിനിമയില്‍ എന്നും നിലനിന്നിരുന്ന ജാതിവിഭാഗീയതയില്‍ നിന്ന് അടൂര്‍ തന്റെ അമ്പത് വര്‍ഷത്തെ ചലച്ചിത്രജീവിതത്തില്‍ മാറിനിന്നു. തന്റെ പ്രതിഭയുടെ മികവ് കൊണ്ടുമാത്രമാണ് ജാതി ക്ലിക്കുകളുടെ തരംതാണ സഹായത്തിനായി പോവേണ്ട സാഹചര്യം അടൂരിന് ഉണ്ടാവാതിരുന്നത്. അടൂരിനെ ഒരു ജാതിവാദിയായി ചിത്രീകരിക്കുന്നത് നിരുത്തരവാദപരമായ വ്യക്തിഹത്യ മാത്രമാണ്. എം എ ബേബി വ്യക്തമാക്കി.

സ്വയംവരം നിര്‍മിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേള അടൂരിന്റെ ചലച്ചിത്ര സംഭാവനകളെക്കുറിച്ച് ആദരവര്‍പ്പിക്കേണ്ടതാണ്. ഓരോ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ പ്രകോപിക്കാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം തിരിച്ചടിക്കുന്ന ഉത്തരങ്ങളല്ല അടൂര്‍. അമ്പത് വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം എടുത്ത സിനിമകളും ഒരിക്കലും കുലുങ്ങാത്ത അദ്ദേഹത്തിന്റെ മതേതര രാഷ്ട്രീയവുമാണ് അടൂര്‍. എം എ ബേബി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.