ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പല്‍
1 min readമൊത്തത്തില്‍ ഭാരം കുറഞ്ഞതുപോലെ; ജി. വേണുഗോപാല്‍!
സിനിമ ഒരു ആസ്വാദന വേദിയാണ്. ടെന്‍ഷന്‍, പ്രഷര്‍ തുടങ്ങിയവയെല്ലാം കുറക്കാന്‍ കണ്ടെത്തുന്ന ഒരിടമായാണ് ഒട്ടുമിക്ക സിനിമാപ്രേമികളും സിനിമയെ കാണുന്നത്. അത്തരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഒരു സെക്കന്റ് പോലും ബോര്‍അടിക്കാതെ രണ്ടരമണിക്കൂര്‍ ചിരിച്ചുല്ലസിക്കാന്‍ പ്രേമലു കാണുന്ന ആര്‍ക്കും സാധിക്കും. ഗിരീഷ് എ.ഡിയുടെ സംവിധാന മികവും നസ്ലിന്‍, മമിത ബൈജു തുടങ്ങിയ യുവതാരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളും നല്ല ഗാനങ്ങളും ചിത്രീകരണവും എല്ലാംകൊണ്ടും പ്രേമലു നല്ലൊരു സിനിമാ അനുഭവമാണെന്നാണ് തിയേറ്ററില്‍ പോയി സിനിമ കണ്ടവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. മമ്മൂട്ടി ചിത്രത്തിനൊപ്പം നിന്ന് മത്സരിക്കുകയാണ് തിയേറ്ററുകളില്‍ പ്രേമലു.
പ്രേമലുവിനെക്കുറിച്ചും ശ്യാം മോഹനെയും ടീമിനെയും കുറിച്ചും വാചാലനായി ഗായകന്‍ ജി വേണു ഗോപാല്‍. ശ്യാം മോഹനെ പല രീതിയില്‍, പല രൂപങ്ങളില്‍, പല ക്യാരക്ടേര്‍സായി മലയാള സിനിമ കാണാന്‍ പോകുന്നെ ഉള്ളൂവെന്നാണ് വേണുഗോപാല്‍ പോസ്റ്റിലൂടെ പറയുന്നത്.
പ്രേമലു കണ്ടശേഷം മൊത്തത്തില്‍ ഭാരം കുറഞ്ഞതുപോലെ തോന്നുന്നുവെന്നും ഗായകന്‍ കുറിച്ചു.
വേണുഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെ.
‘ഇന്നലെ പ്രേമുലു കണ്ടു. മൊത്തം ഘനം കുറഞ്ഞ ഒരു പ്രതീതി. രണ്ട് ഹെവി വെയ്റ്റ് സിനിമകള്‍ക്ക്… വാലിബന്‍, ഭ്രമയുഗം ശേഷമാണ് പ്രേമുലു സംഭവിക്കുന്നത്.’
‘മൊസാര്‍ട്ടിന്റെ 40ത് സിംഫണി ഇന്‍ ജി മൈനറിനുശേഷം എല്‍വിസ് ദ പെല്‍വിസിന്റെ ജയില്‍ഹൗസ് റോക്കുപോലെ ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളത്തില്‍ ഒഴുകും പോലെ…. സിനിമയുടെ വിധി നിര്‍ണ്ണയമോ ഗുണഗണങ്ങളോ ട്രോളോ ഒന്നുമില്ല ഈ പോസ്റ്റില്‍. മൂന്ന് പേരെക്കുറിച്ച് പറയാനാണ്… സമകാലീന നടിമാരില്‍ എന്റെ ഫേവറേറ്റ് മമിത ബൈജു, നസ്ലിന്‍ പിന്നെ എന്റെ കൂട്ടുകാരന്‍ പാട്ടുകാരനായ ശ്യാം മോഹന്‍.’
‘മമിത ബബ്ലിയാണ്. സമൃദ്ധമായ ഊര്‍ജ്ജം ആ എക്‌സ്പ്രസീവ് കണ്ണുകളില്‍ കാണാം. അനായാസ അഭിനയത്തിന്റെ മറ്റൊരു മുഖം. the naugthyt ramp with an emtpy head and a heart of gold അതാണ് നസ്ലിന്‍. കഥയറിയാതെ നമുക്ക് നസ്ലിന്റ കൂടെ കരയാം ചിരിക്കാം ആടിപ്പാടാം. Infectious character. കോവിഡ് സമയത്താണ് ഞാന്‍ ശ്യാമിനെ പരിചയപ്പെടുന്നത്.’
‘ഒരിക്കലും ചേര്‍ക്കാന്‍ പറ്റാത്ത പാട്ടുകളെ ചേര്‍ത്ത് പാടി മുഖത്ത് വരുത്തുന്ന നിഷ്‌കളങ്ക വിഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എന്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് മൂന്ന് പാട്ടുകളുടെ തൊഴുത്തില്‍ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങള്‍ ചെയ്ത് അര്‍മാദിച്ചു. അങ്ങേയറ്റം ഭവ്യതയോടെ എന്റെയടുത്ത് നില്‍ക്കുമ്പോഴും ശ്യാമിന്റെ ഉള്ളിലെ അഭിനിവേശം ഉറങ്ങുന്ന ഒരു അഗ്‌നിപര്‍വ്വതം പോലെ ഞാന്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.’
‘ശ്യാമിനുള്ളില്‍ നിരവധി കഥാപാത്രങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ട്. കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാന്‍ പ്രവചിച്ചു. പ്രേമുലു ഈ ലവബിള്‍ വില്ലന്റെ ഒരൊന്നൊര കാല്‍വെയ്പ്പാണ്. നമ്മള്‍ ഇനി ശ്യാം മോഹനെ പല രീതിയില്‍, പല രൂപങ്ങളില്‍, പല ക്യാരക്ടേര്‍സായി കാണും മലയാള സിനിമയില്‍. കണ്‍ഗ്രാറ്റ്‌സ്… ബെസ്റ്റ് വിഷസ് മമിത, നസ്ലിന്‍, ശ്യാം’, എന്നാണ് പ്രേമലു കണ്ട അനുഭവം പങ്കിട്ട് ജി.വേണുഗോപാല്‍ കുറിച്ചത്.
വേണുഗോപാലിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി അറിയിച്ച് ശ്യാം, അഖില ഭാര്‍ഗവന്‍ തുടങ്ങിയവര്‍ എത്തി. അതിനിടയില്‍ സംവിധായകന്‍ ഗിരീഷ് എഡിയെ കുറിച്ച് ഒന്നും പറയാതിരുന്നത് എന്താണെന്നും ചിലര്‍ ചോദിച്ചു. ചിത്രം റിലീസായി 13 പിന്നിടുമ്പോള്‍ 50 കോടി രൂപ നേടി. അമ്പരിപ്പിക്കുന്ന കുതിപ്പാണ് പ്രേമലു നടത്തുന്നത്.
പ്രണയം ഫ്രഷായി അവതരിപ്പിക്കുന്നുവെന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരുടെ പൊതു അഭിപ്രായം എന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് പ്രേമലു അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി 24 കോടി രൂപയാണ് പ്രേമലു നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്..