മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണെന്ന് കെ സുരേന്ദ്രന്‍
1 min readതിരുവനന്തപുരം: ഉണ്ണിമുകുന്ദന്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം മാളികപ്പുറം കണ്ട അനുഭവം പങ്കുവെച്ച് ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാളികപ്പുറം ഏതൊരു അയ്യപ്പ ഭക്തന്റെയും കണ്ണ് നിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കണ്ട ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.
മാളികപ്പുറം കണ്ടു. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന ഒരു മനോഹരമായ സിനിമ. ശബരിമലയ്ക്ക് പോയവര്‍ക്കെല്ലാം തങ്ങളുടെ യാത്രയില്‍ എവിടെയൊക്കെയോ അനുഭവപ്പെടുന്ന സ്വാമിയുടെ ഒരു സാന്നിദ്ധ്യമുണ്ട്. അതാണ് മാളികപ്പുറത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ‘ഭക്തന്റെ കൂടെ ഈശ്വരന്‍ മനുഷ്യ രൂപത്തിലെത്തും’ എന്ന സിനിമയിലെ ഡയലോഗ് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. മുത്തശ്ശിയിലൂടെ എട്ട് വയസുകാരിയായ ഒരു പെണ്‍കുട്ടിക്ക് പകര്‍ന്നു കിട്ടിയ അയ്യപ്പഭക്തിയും തന്റെ സ്വാമിയെ കാണാനുള്ള ആ പെണ്‍കുട്ടിയുടെ അതിയായ ആഗ്രഹവും. അതിന് വേണ്ടി അവള്‍ എടുക്കുന്ന റിസ്‌ക്കും സൂക്ഷ്മമായി അവതരിപ്പിക്കാന്‍ സംവിധായകന് സാധിച്ചു.
രണ്ടാം പകുതിയില്‍ ഉണ്ണി മുകുന്ദന്‍ ആറാടുകയാണ്. വനത്തിലെ ഫൈറ്റ് സീനും പശ്ചാത്തല സംഗീതവും നമ്മെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു. കാന്താരയിലെ ക്ലൈമാക്‌സ് രംഗത്തെ പോലെ ഉജ്ജ്വലമാണ് ഉണ്ണിയുടെ ഫൈറ്റ് രംഗങ്ങളും. എടുത്തു പറയേണ്ട മറ്റൊരു കാര്യം കുട്ടികളുടെ അഭിനയമാണ്. കല്ലു മാളികപ്പുറവും ഉണ്ണി സ്വാമിയും പ്രേക്ഷകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് നടത്തിയത്. സൈജു കുറുപ്പം രമേഷ് പിഷാരടിയുമെല്ലാം തങ്ങളുടെ റോള്‍ ഭംഗിയാക്കി. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ചിത്രം നെഞ്ചോടു ചേര്‍ത്തുവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍
ഇതിനോടകം മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഉണ്ണിമുകുന്ദന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.