ഹൃദയസ്പര്‍ശിയായി തന്മാത്ര
1 min readമലയാള സിനിമയുടെ നടനവിസ്മയമായ മോഹന്‍ലാലിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്‍മാത്ര. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തില്‍ അദ്ദേഹം ചലചിത്രപ്രേമികള്‍ക്ക് സമ്മാനിച്ചത് ഒട്ടനവധി സിനിമകള്‍. മറ്റാരെകൊണ്ടും അഭിനയിച്ച് ഭലിപ്പിക്കാന്‍ സാധിക്കാത്തത്ര മികച്ചതാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. അവയില്‍ പ്രധാനപ്പെട്ട വേഷമാണ് തന്മാത്രയിലെ ‘രമേശന്‍ നായര്‍’. റിലീസ് ചെയ്തിട്ട് 19 വര്‍ഷം പിന്നിട്ടിരിക്കുന്നു. കാഴ്ച്ച എന്ന സിനിമയ്ക്ക് കിട്ടിയ കൈയ്യടി നിലയ്ക്കുന്നതിന് മുന്‍പാണ് തന്മാത്രയുമായി ബ്ലെസി എത്തിയത്. പത്മരാജന്റെ ഓര്‍മ്മ എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ബ്ലെസി ഒരുക്കിയ ചിത്രം 2005 ഡിസംബര്‍ 16നായിരുന്നു തിയേറ്ററിലെത്തിയത്. അല്‍ഷിമേഴ്‌സ് എന്ന അവസ്ഥയെക്കുറിച്ച് വിവരിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു നേടിയത്.
റിലീസായ അതേ വര്‍ഷം തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അഞ്ചോളം പുരസ്‌കാരങ്ങളായിരുന്നു ചിത്രം കരസ്ഥമാക്കിയത്. മികച്ച സംവിധായകന്‍, നടന്‍, തിരക്കഥ എന്നീ പുരസ്‌കാരങ്ങളും, സിനിമയില്‍ മകനായി അഭിനയിച്ച അര്‍ജ്ജുന്‍ ലാല്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനും അര്‍ഹനായ ചിത്രം. സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമ കണ്ട ഒരു അപൂര്‍വ കാഴ്ചയായി തന്മാത്രയും സിനിമാ ആസ്വാദകര്‍ ഇപ്പോഴും വിലയിരുത്തുന്നുണ്ട്. മോളിവുഡിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ സ്പാര്‍ക്കുകള്‍ നിറഞ്ഞതാണ് തന്മാത്ര എന്ന ചിത്രം. പത്മരാജനും, കെ ജെ ജോര്‍ജും ഉള്‍പ്പടെയുള്ള സംവിധായകര്‍ മലയാളത്തിന് മികച്ച സിനിമകള്‍ സമ്മാനിച്ച ഒരു സുവര്‍ണ്ണ കാലഘട്ടത്തെ ഓര്‍മ്മിക്കുന്നതിനോടൊപ്പം ഈ ചിത്രം ഒരു പുതിയ കാലത്തിന്റെ കൂടി സിനിമ ആവുകയായരുന്നു. 2005ല്‍ തന്നെ കൊതിപ്പിച്ച അപൂര്‍വം സിനിമകളെ ഉള്ളുവെന്നും അതിലൊന്ന് തന്മാത്രയാണെന്നും പ്രിയദര്‍ശന്‍ അന്ന് പറഞ്ഞിരുന്നു.
കെട്ടുകാഴ്ച്ചകളില്‍ നിന്നും മുക്തമായാല്‍ കാമ്പുള്ള സിനിമാനുഭവം എന്നതാണ് തന്മാത്രയുടെ പ്രധാന സവിശേഷത. പ്രദര്‍ശന വിജയത്തില്‍ എവിടെ എത്തി നില്‍ക്കുന്നു എന്നതിലുപരി ഇത്തരം ഒരു സിനിമ മലയാളത്തിന്റെ ആവശ്യമായിരുന്നു ആ ഒരു കാലഘട്ടത്തില്‍. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ രൂപഘടന പിന്തുടര്‍ന്ന ചിത്രമല്ല ഒരിക്കലും തന്മാത്ര. അതി നാടകീയമായ ആഖ്യാന ശൈലിയിലൂടെ, നിറമുള്ള ജീവിത മുഹൂര്‍ത്തങ്ങളിലൂടെ ബ്ലെസി നമുക്ക് ധന്യമായ ദൃശ്യാനുഭവം പകരുന്നതിലാണ് ശ്രദ്ധിച്ചിരിക്കുന്നത്. സിനിമയിലെ രമേശന്‍ എന്ന കഥാപാത്രത്തിന് സംഭവിക്കുന്ന ദുരന്തം ഏതൊരാള്‍ക്കും വന്ന് പിണയാവുന്ന ഒന്നായി പ്രേക്ഷകന് അനുഭവപ്പെടുന്നത് ഈ ഒരു ആഖ്യാന ശൈലി കൊണ്ടാണ്. കാണുന്നവര്‍ തന്നെ കഥാപാത്രങ്ങളായി മാറുന്ന ഒരു എംപതിയിലേക്ക് സിനിമയുടെ ആസ്വാദനത്തെ വളര്‍ത്തുന്ന ഒരു ആഖ്യാനത്തിന്റെ കരുത്താണ് ഈ ചിത്രത്തിനുള്ളത്.
വൃദ്ധനായും, മന്ദബുദ്ധിയായും, ചരിത്രനായകരായും പല നടന്മാരും മികച്ച രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു കുട്ടിയായി അഭിനയിക്കുക എന്നത് ആദ്യ സംഭവമാണ്. മറവി രോഗം ബാദിച്ച് ഒരു പത്തു വയസ്സുകാരന്റെ ഓര്‍മ്മയും ബുദ്ധിയും മാത്രമുള്ള മനസ്സുകൊണ്ട് ഒരു കുട്ടിയായി മാറി കഴിഞ്ഞ ഒരാളായി അഭിനയിക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് വളരെ വലിയ വെല്ലുവിളി തന്നെയാണ്. രമേഷന്‍ എന്ന കഥാപാത്രം ഈ ഒരു ദുരന്തത്തെ അവതരിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ നേരിട്ടത് തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നു തന്നയാണ്.
സിനിമയുടെ സ്വീകാര്യതയെ കുറിച്ച് സംവിധായകന്‍ ബ്ലെസി ഒരിക്കല്‍ പറഞ്ഞിരുന്നു. ഒരു സംവിധായകന്‍ എന്നതിലുപരി, അല്‍ഷിമേഴ്‌സിനെക്കുറിച്ച് നമ്മുടെ സമൂഹത്തില്‍ അവബോധം സൃഷ്ടിച്ചതിന് തന്‍മാത്ര സഹായിച്ചു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തന്മാത്രയുടെ ആശയം, കാഴ്ച എന്ന സിനിമ സംഭവിക്കുന്നതിനും മുമ്പ് തന്നെ എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു. കാഴ്ചയുടെ തിരക്കഥ എഴുതാന്‍ നിര്‍ബന്ധിക്കപ്പെടുകയും അത് എഴുതിയ ആത്മവിശ്വാസത്തിലാണ് പിന്നീട് തന്മാത്രയ്ക്ക് തുടക്കം കുറിച്ചതെന്നെന്നും ബ്ലെസി അന്ന് പറഞ്ഞു.
കുറെയധികം ബന്ധങ്ങളുടെ കൂടി കഥയാണ് തന്മാത്ര പങ്കുവെക്കുന്നത്. ഒട്ടുമിക്ക മിഡില്‍ ക്ലാസ് കുടുംബങ്ങളില്‍ ഉള്ള പലരുടെയും സ്വപ്‌നമാണ്, തനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത് തന്റെ മകനിലൂടെ ചെയ്ത് എടുക്കുക എന്നുള്ളത്. അതിനുപുറമെ, അല്‍ഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും പിന്നീട് അവര്‍ നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെ കുറിച്ച് ചെയ്യണമെന്നും ബ്ലെസിക്ക് ഉണ്ടായിരുന്നു. ഇതിലെ നടി നടന്മാരുടെ പെര്‍ഫോമന്‍സ് അത് മോഹന്‍ലാലിന്റെ മാത്രമല്ല, ചിത്രത്തില്‍ അഭിനയിച്ച മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, അര്‍ജുന്‍ ലാല്‍ എല്ലാവരും മികച്ച രീതിയില്‍ കഥാപാത്രങ്ങളായി മാറി.