വിളക്കില്‍ നിന്ന് ബീഡി കത്തിക്കാനുള്ള ശ്രമം തടഞ്ഞ സ്വാമിയെ അക്രമിച്ചു
1 min read
തിരുവനന്തപുരം: അയ്യപ്പ താവളത്തിന് മുന്നില്‍ നിന്ന് പരസ്പരം തല്ലുകൂടിയ യുവാക്കാള്‍ ഗുരുസ്വാമിയെ അക്രമിച്ചു. പരസ്പരമുള്ള വഴക്കിനിടെ ഇവരില്‍ ഒരാള്‍ അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ച് വച്ച വിളക്കില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കാട്ടാക്കട പൂഴനാട് 15 ലേറെ വര്‍ഷമായി അന്നദാനം നടത്താറുള്ള അയ്യപ്പ താവളത്തില്‍ കിടന്നുറങ്ങിയ ഗുരുസ്വാമി ശ്രീകുമാറിന് നേരെയാണ് നാല് യുവാക്കള്‍ അടങ്ങിയ സംഘം ചൊവാഴ്ച രാത്രി 11.30 ഓടെ ആക്രമണം നടത്തിയത്.
സ്ഥലത്തെത്തിയ യുവാക്കള്‍ അയ്യപ്പ തവളത്തിന് മുന്‍വശത്ത് തമ്മില്‍ അടിപിടി കൂടുകയും അയ്യപ്പ വിഗ്രഹത്തിന് മുന്നില്‍ കത്തിച്ചിരുന്ന നിലവിളക്കില്‍ നിന്ന് ബീഡി കത്തിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സമയം ഇത് തടയാന്‍ ശ്രമിച്ച ഗുരു സ്വാമിക്ക് നേരെ കത്തിച്ചാല്‍ നീ എന്ത് ചെയ്യും എന്ന് ചോദിച്ച് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗുരുസ്വാമിയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു. കാട്ടാക്കട പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.