അമാലുവിന് നന്ദി പറഞ്ഞ് ദുല്‍ഖര്‍

1 min read

കുഞ്ഞിക്കയ്‌ക്കും അമാലുവിനും ആശംസകള്‍ നേര്‍ന്ന് താരങ്ങളും ആരാധകരും

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക, ദുല്‍ഖര്‍ സല്‍മാന്‍. 2012ല്‍ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം. എബിസിഡി, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, പട്ടം, തീവ്രം പോലെ എന്നീ ചിത്രങ്ങളിലൂടെ കടന്നു വരുന്നു.

ദുല്‍ഖര്‍ ഇന്ന് തെന്നിന്ത്യയുടെ സൂപ്പര്‍താരമായി വളര്‍ന്നിരിക്കുകയാണ്. മികച്ച നടന്‍ എന്നതിലുപരി ഒരു ഫാമിലിമാന്‍ കൂടിയാണ്. ഭാര്യ അമാല്‍ സൂഫിയുടെയും മകള്‍ മറിയം അമീറ സല്‍മാന്റെയും കൂടെയുള്ള സന്തുഷ്ട കുടുംബം. തന്റെ ദാമ്പത്യജീവിതം പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിവരമാണ് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. അമാലിനെ ചേര്‍ത്ത് നിര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം വിവാഹവാര്‍ഷികത്തെ കുറിച്ചും, ഭാര്യ നല്‍കുന്ന പിന്തുണയെ പറ്റിയും നടന്‍ കുറിച്ചതിങ്ങനെ.

‘എണ്ണി നോക്കിയാല്‍ 12 വര്‍ഷമായി. തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ജീവിതം നയിക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ പറന്നു കൊണ്ടിരിക്കുകയാണ്.
എല്ലാ വര്‍ഷവും ഈ സമയത്താണ് ഞാന്‍ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നുവെന്ന് അളന്ന് നോക്കുന്നത്. എല്ലാ ഉയര്‍ച്ചയും താഴ്ചയും ജയവും തോല്‍വിയുമൊക്കെ നോക്കും. ഈ വര്‍ഷവും നീ എന്റെയൊപ്പം എല്ലാ കാര്യത്തിനും പാറപോലെ ഉറച്ച് നിന്നുരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തു തന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യും. ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. ആ ഒരു ഗുണം എപ്പോഴും നിന്നിലേക്ക് എന്നെ കേന്ദ്രീകരിക്കുന്നു. ഹാപ്പി ആനിവേഴ്‌സറി ബേബി… ശാന്തയായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. എന്റെ ശക്തിയും എന്റെ അവതാരകയും പിന്നെ പറയാനാണെങ്കില്‍ ഡസന്‍ കണക്കിന് കാര്യങ്ങളുണ്ടാവുമെന്നും’,

അമേരിക്കയില്‍ പഠിക്കാന്‍ പോയി പഠനം പൂര്‍ത്തിയാക്കി വന്ന സമയത്താണ് വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നതെന്ന് മുന്‍പ് വിവാഹത്തെ കുറിച്ച് ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചിലില്‍ ആയിരുന്നു. സ്‌കൂളില്‍ തന്നെക്കാളും അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍കുട്ടിയായ അമാലിനെ കുറിച്ച് സുഹൃത്തുക്കളും കുടുംബവുമാണ് സൂചിപ്പിച്ചത്. എന്റെ സുഹൃത്തുക്കള്‍ തന്നെ ആ കുട്ടിയുടെയും എന്റെയും ബയോഡാറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.
പിന്നീട് സംഭവിച്ചതെല്ലാം രസകരമാണ്. ഞാന്‍ എവിടെ പോയാലും ആ പെണ്‍കുട്ടിയും അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ അമാലും അതേ സിനിമയ്ക്ക് വന്നിരിക്കും. അങ്ങനെ അറിയാതെ അവളോട് ഒരടുപ്പം തോന്നി തുടങ്ങി. ദിവ്യമായ എന്തോ ആണെന്നൊരു തോന്നല്‍. ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടതെന്ന് അന്ന് മനസിലുറപ്പിക്കുകയായിരുന്നു. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു.
പിന്നെ കാര്യങ്ങളെല്ലാം പെട്ടെന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും വിവാഹാലോചനയുമായി മുന്നോട്ട് പോയി.

 2011 ഡിസംബര്‍ 22 നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് കൂടിയായ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2017 മേയ് 5 ന് താരങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. പിന്നെ സിനിമ തന്നെ കരിയറായി തിരഞ്ഞെടുത്തു. ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായി വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദി സിനിമയിലും വരെ അഭിനയിച്ചു. ദുല്‍ഖറിനൊപ്പം അപൂര്‍വ്വമായിട്ടേ അമാല്‍ പുറംലോകത്തേക്ക് എത്താറുള്ളു. പുതിയ പോസ്റ്റിന് താഴെ അമാലിനും ദുല്‍ഖറിനും മറ്റു താരങ്ങളുടെയും ആരാധകരുടെയും ആശംസകള്‍ നിറയുകയാണ്.

Related posts:

Leave a Reply

Your email address will not be published.