ഗുസ്തിക്കാരനോ അതോ ചെമ്പോത്ത് സൈമണോ? ചര്‍ച്ചകളില്‍ ഇടംപിടിച്ച് ലിജോ മോഹന്‍ലാല്‍ ചിത്രം
1 min readമലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്. പ്രതിഭയും പ്രതിഭാസവും ഒന്നാകുന്നു എന്നായിരുന്നു പ്രേക്ഷക അഭിപ്രായം. ഉടന്‍ തന്നെ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ അവസരത്തില്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്.
ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാകും മോഹന്‍ലാല്‍ അവതരിപ്പിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രെഡിക്ഷന്. മലക്കോട്ടൈ വാലിബന് എന്നാണ് ചിത്രത്തിന്റെ പേരെന്നും ചര്‍ച്ചകളുണ്ട്. പീരിയഡ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രമാണിതെന്നും മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് എത്തുകയെന്നും ഇവര്‍ പറയുന്നു. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലാകും ലിജോ ജോസ് സിനിമ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫാന്‍ മേഡ് പേസ്റ്ററുകളും സോഷ്യല്‍ മീഡിയകളില്‍ നിറയുന്നുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ലിജോ ജോസും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ ഇരുവരും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നുവെന്നും ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ചിത്രമാകും ഇതെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. 2023 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുക ആയിരുന്നു.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിര്‍മിക്കുകയെന്നാണ് വിവരം. ലിജോ മോഹന്‍ലാല്‍ ചിത്രമാണെന്ന് നേരിട്ട് പറയാതെ എന്നാല്‍ സൂചനകളിലൂടെ ആയിരുന്നു ഇവരുടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. പ്രതിഭയും പ്രതിഭാസവും ഒന്നാകാന്‍ തീരുമാനിച്ച നല്ല നാളേക്കായി ഞങ്ങള്‍ കൈകോര്‍ക്കുന്നു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് ബാനറിന്റെ ആദ്യ സിനിമയുമായി ഞങ്ങള്‍ എത്തുന്നു. ഇന്ത്യന്‍ സിനിമ അത്ഭുതത്തോടെ കാത്തിരിക്കുന്ന ഈ കോമ്പോ ആരാണെന്ന് ഇനി നിങ്ങള്‍ക്കും പ്രവചിക്കാം. നന്നായി കലക്കി ഒന്നാലോചിച്ച് ഉത്തരം പറയുന്നവര്‍ക്ക് ഒരു കിടിലം സര്‍പ്രൈസ് കാത്തിരിക്കുന്നു.. ഊഹാപോഹങ്ങളുടെ കെട്ടഴിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങളുടെ ഉത്തരവും ശരിയായേക്കാം
എന്നായിരുന്നു പോസ്റ്റ്. ഇതോടെ ലിജോ മോഹന്‍ലാല്‍ ചിത്രമാണിതെന്ന് ആരാധകര്‍ സ്ഥിരീകരിക്കുകയും ചെയ്തു.