പാക്കിസ്ഥാനില്‍ കറന്‍സിയുടെ മൂല്യം കൂപ്പുകുത്തി; ഭക്ഷ്യസാധനങ്ങള്‍ക്ക് തീവില

1 min read

ഇസ്ലാമാബാദ് പാകിസ്താനില്‍ സാമ്പത്തിക തകര്‍ച്ചക്ക് ആക്കം കൂട്ടി പാക് കറന്‍സിയുടെ മൂല്യം കൂപ്പുകുത്തി. ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 255 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 24 രൂപയാണ് ഒറ്റദിവസം കൊണ്ട് ഇടിഞ്ഞത്. അന്താരാഷ്ട നാണ്യനിധിയില്‍ നിന്ന് (ഐ എം എഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് കറന്‍സി കുത്തനെ ഇടിയാന്‍ ഇടയാക്കിയത്.
ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള പരിധി പാകിസ്താനിലെ മണി എക്സ്ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐഎംഎഫ് നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍
അതിനിടെ, സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധിക്കും ഇടയാക്കി. ഭക്ഷ്യസാധനങ്ങളുടെ വില കുത്തനെ ഉയരുകയാണ്. പാക്കിസ്ഥാനില്‍ ചിലയിടങ്ങളില്‍ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വിലയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്

Related posts:

Leave a Reply

Your email address will not be published.