സ്വപ്നങ്ങള്‍ ബാക്കിയാക്കി; അറ്റ്ലസ് രാമചന്ദ്രന്‍ മടങ്ങുന്നു
1 min readദുബായ്: തകര്‍ന്നടിഞ്ഞ ബിസിനസ് സാമ്രാജ്യം പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ പാതി വഴിയില്‍ നിര്‍ത്തിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ മടങ്ങുന്നത്. പ്രവാസി മലയാളികള്‍ക്ക് നഷ്ടമാകുന്നത് കരുതലും സ്‌നേഹവും മാത്രം പങ്കിട്ട വ്യവസായിയും. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് സ്വയം പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട് അറ്റ്‌ലസ് ജ്വല്ലറിയെ ജനകീയമാക്കിയ രാമചന്ദ്രന് ജ്വല്ലറി വീണ്ടും തിരിച്ച് കൊണ്ടുവരണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹം ബാക്കിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ വിടവാങ്ങുന്നത്. അറ്റ്‌ലസ് തുറക്കണമെന്ന ആഗ്രഹമുണ്ടെന്നും അതിനുള്ള ശ്രമത്തിലാണ് എന്നും രാമചന്ദ്രന്‍ പറഞ്ഞിരുന്നു. നാട്ടില്‍ പോകണം എന്നതിനേക്കാള്‍ അറ്റ്‌ലസ് വീണ്ടും തുറക്കണം എന്നായിരുന്നു അദ്ദേഹത്തിന് ആഗ്രഹം.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം അന്തരിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം അദ്ദേഹത്തെ തട്ടിയെടുത്തത്. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ബര്‍ദുബായിലെ വസതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബന്ധുക്കള്‍ക്കുമൊപ്പം 80-ാം പിറന്നാള്‍ ആഘോഷിച്ചത്.
ചെറിയ രീതിയില്‍ അറ്റ്‌ലസ് വീണ്ടും തുടങ്ങി പഴയ രീതിയിലേക്ക് എത്തിക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസവും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം ജീവിതം സിനിമയാക്കണം എന്നതും അറ്റല്‌സ് രാമചന്ദ്രന് ഏറെ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതും അറ്റ്‌ലസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവന്നതിന് ശേഷം മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം അറ്റ്‌ല്‌സ് ജ്വല്ലറിയെ ഹൃദയത്തില്‍ ചേര്‍ത്തുവെച്ചിരുന്നു.
മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളുടേയും നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരില്‍ ഒരു സിനിമാനിര്‍മ്മാണ കമ്പനിയും ഉണ്ടായിരുന്നു. വൈശാലി, സുകൃതം, ധനം, വാസ്തുഹാര, കൗരവര്‍, ചകോരം, ഇന്നലെ, വെങ്കലം എന്നീ ചലച്ചിത്രങ്ങള്‍ അറ്റ്‌ലസ് രാമചന്ദ്രനാണ് നിര്‍മിച്ചത്.
വ്യാപാര ആവശ്യങ്ങള്‍ക്കായി യു എ ഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ആയിരം കോടിയോളം രൂപ അറ്റ്‌ലസ് രാമചന്ദ്രന്‍ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന് തിരിച്ചടിയായി. ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ ജയിലിലായപ്പോഴും മലയാളികളും പ്രവാസികളും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.