നമ്മള്‍ അടച്ച മുറി നമ്മള്‍ തുറന്നു കൊടുക്കാതെ ഒരാളും അകത്ത് വരില്ല: വിവാദങ്ങള്‍ക്ക് തിരികൊളുത്തി സ്വാസിക

1 min read

മലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ അതിനോട് അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും സ്വാസിക പറയുന്നു.

ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി തനിക്ക് അറിയില്ലെന്ന് പറഞ്ഞ സ്വാസിക, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തിനാണ് ഡബ്ല്യുസിസിയെ പോലുള്ളവരെ സമീപിക്കുന്നതെന്നും പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടെ എന്നും ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വാസികയുടെ പ്രതികരണം.

സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ

ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാന്‍ കഴിയൂ. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, ഏതെങ്കിലുമൊരു സിനിമ സെറ്റില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി വരും. നമ്മള്‍ സ്ത്രീകള്‍ക്ക് അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടതും അതാണ് നമ്മള്‍ ആര്‍ജിക്കേണ്ടതും. നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയണം. ഞാന്‍ ഈ സിനിമ ചെയ്താല്‍, ഇത്രയും വലിയ ഹീറോയ്ക്ക് ഒപ്പം അഭിനയിച്ചാല്‍ ഇത്രയും വലിയ തുക കിട്ടും എന്നൊക്കെ ആലോചിച്ച്, നമ്മളെ അബ്യൂസ് ചെയ്യുന്നതൊക്കെ സഹിച്ച് ആ സിനിമ ചെയ്യുക. ശേഷം മൂന്ന് നാല് വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞു വരുന്നതില്‍ എനിക്ക് ലോജിക്ക് തോന്നുന്നില്ല. എനിക്കു നിങ്ങളുടെ സിനിമ വേണ്ട എന്നു പറഞ്ഞ് ഇറങ്ങിവരാന്‍ സാധിക്കണം.

രണ്ടു വര്‍ത്തമാനം മുഖത്ത് നോക്കി പറയാനുമുള്ള ധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം. അതിനൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അത് നമ്മളില്‍ ഉണ്ടാകേണ്ട ധൈര്യമാണ്. ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള്‍ ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് അറിയില്ല. അതിനു സമയമെടുക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ എന്തിനാണ് ഡബ്ല്യുസിസി പോലുള്ള സ്ഥലത്ത് പോയി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ പറഞ്ഞു കൂടേ, വനിത കമ്മീഷനില്‍ പറഞ്ഞുകൂടേ. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് രക്ഷിതാക്കളോട് പറയാം. സ്വന്തമായി പ്രതികരിച്ച് കൂടെ.

സിനിമ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് ഇത്. നമുക്ക് രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്‌സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീല്‍ഡില്‍ നിന്നുകൊണ്ടാണ് ചിലര്‍ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സിനിമ ഷൂട്ട് കഴിയും വരെ എന്തിനാണ് ഇങ്ങനെ സഹിച്ച് നില്‍ക്കുന്നത്.

നോ പറയേണ്ടടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മള്‍ അടച്ച മുറി നമ്മള്‍ തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തു വരില്ല. ഞാന്‍ അടച്ച മുറി രാവിലെ മാത്രമേ തുറക്കൂ. അസമയത്തു വന്ന് ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ എന്തിനാണു തുറന്നുകൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ളുകുടിക്കാനും എന്തിനാണ് നമ്മളൊരു സ്‌പേസ് കൊടുക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ.

Related posts:

Leave a Reply

Your email address will not be published.