സൈനികരെ അധിക്ഷേപിച്ചു വെബ്സീരീസ്; ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും അറസ്റ്റ് വാറന്റ്
1 min readബെഗുസാരായി: വെബ് സീരീസിൽ സൈനികരെ അധിക്ഷേപിച്ച കുറ്റത്തിന് സിനിമാ നിർമാതാവും സംവിധായികയുമായ ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബിഹാറിലെ ബെഗുസാരായി കോടതി ബുധനാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ‘എക്സ്എക്സ്എക്സ് (സീസൺ–2)’ എന്ന വെബ്സീരിസാണ് പരാതിയ്ക്ക് ആധാരം. മുൻ സൈനികനും ബെഗുസരായി സ്വദേശിയുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ‘‘ഏക്ത കപൂറിന്റെ ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിലാണ് സീരീസ് സംപ്രേഷണം ചെയ്തത്.
എക്സ്എക്സ്എക്സ് (സീസൺ–2) വെബ് സീരീസിൽ ഒരു സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട നിരവധി ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയതായി 2020ൽ നൽകിയ പരാതിയിൽ ശംഭുകുമാർ ആരോപിച്ചിരുന്നു.
ശോഭ കപൂറിന് ബാലാജി ടെലിഫിലിംസുമായി ബന്ധമുണ്ട്. ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. സീരീസിലെ ചില രംഗങ്ങൾ നീക്കം ചെയ്തെന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.