അഞ്ച് സെന്റും സെലീനയും കൊച്ചിയില്‍ തുടങ്ങി
1 min readമാത്യു തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്സണ് ആന്റണി സംവിധാനം ചെയ്യുന്ന അഞ്ച് സെന്റും സെലീനയും എന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്ക പള്ളിയില്‍ വെച്ച് സംവിധായകന് ജെക്സണ് ആന്റണിയുടെ മാതാപിതാക്കളായ ജോസഫും ജെര്സമ്മയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് ആദ്യ ഷോട്ടിന് ക്ലാപ്പ് കൊടുത്തു. പ്രശസ്ത നിര്‍മ്മാതാവായ ജിയോ കുട്ടപ്പന് സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടിമാരായ ശാന്തികൃഷ്ണ, അന്നബെന്‍, സ്രിന്ദ, പോളി വത്സന് എന്നിവരും പൂജാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’യ്ക്കു ശേഷം ജെക്സണ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ച് സെന്റും സെലീനയും. സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പോളി വത്സന് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഇ 4 എന്റര്‍ടെയ്നമെന്റ്, എ പി ഇന്റര്‍നാഷണല്‍ എന്നീ ബാനറുകളില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
കൈതപ്രം, ബി കെ ഹരിനാരായണന് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാഫി ചെമ്മാട്, കലാസംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പ് ഹസ്സന് വണ്ടൂര്‍, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ് ഗിരിശങ്കര്‍, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ചന്ദ്രന്, അസോസിയേറ്റ് ഡയറക്ടര്‍ അബു ആര് നായര്‍, സൗണ്ട് ഡിസൈന്‍ ശ്രീശങ്കര്‍, സൗണ്ട് മിക്സിംഗ് രാജാകൃഷ്ണന്, വിഎഫ്എക്സ് അജീഷ് പി തോമസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എബിന് എടവനക്കാട്, പി ആര് ഒ എ എസ് ദിനേശ്.