വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച് നടി അപര്‍ണ്ണ ബാലമുരളി
1 min readഎറണാകുളം: നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. എറണാകുളം ലോ കോളജ് യൂണിയന്‍ ഉദ്ഘാടന വേദിയില്‍ വച്ചാണ് നടിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയത്. ഇയാള്‍ അപര്‍ണയുടെ കയ്യില്‍ ബലമായി പിടിച്ചു വലിക്കുകയും തോളില്‍ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. കയ്യില്‍ ബലമായി പിടിച്ച വിദ്യാര്‍ത്ഥിയോട് അപര്‍ണ അനിഷ്ടം പ്രകടിപ്പിച്ചു. ഇതിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൂടിയാണ് അപര്‍ണ ലോ കോളേജില്‍ എത്തിയത്. നടന്‍ വിനീത് ശ്രീനിവാസന്‍, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവരും നടിക്ക് ഒപ്പം വേദിയില്‍ ഉണ്ടായിരുന്നു. അപര്‍ണയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി പൂവ് നല്‍കാനായി വേദിയില്‍ എത്തിയ വിദ്യാര്‍ത്ഥിയാണ് നടിയുടെ കൈപിടിച്ച് വലിക്കുകയും തോളില്‍ കൈ ഇടാന്‍ ശ്രമിക്കുകയും ചെയ്തത്.
യുവാവ് തോളില്‍ കയ്യിടാന്‍ ഒരുങ്ങിയപ്പോള്‍ അപര്‍ണ വിയോജിപ്പ് കാണിച്ച് മാറുകയും ‘എന്താടോ ഇത് ലോ കോളജ് അല്ലേ’ എന്ന് നടി ചോദിക്കുന്നുമുണ്ട്. ശേഷം സംഘാടകരില്‍ ഒരാളായ വിദ്യാര്‍ത്ഥി അപര്‍ണയോട് മാപ്പ് ചോദിച്ചു. പിന്നാലെ, വേദിയില്‍ വീണ്ടും എത്തി താന്‍ വേറൊന്നും ഉദ്ദേശിച്ചല്ല ചെയ്തതെന്നും ഫാന്‍ ആതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും വിദ്യാര്‍ത്ഥി പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുന്നതും കാണാം.