നടന്‍ അനില്‍ നെടുമങ്ങാടിന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്സ്
1 min readMALAYALI NEWS LIVE DESK: ഹരിത നന്ദിനി
അനില്‍ നെടുമങ്ങാടെന്ന നടന്‍ എപ്പോഴും ആക്ടീവായി മാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. സിനിമയില്‍ സജീവമാകുന്ന കാലത്തിനു മുമ്പ് നല്ലൊരു ആരാധക വൃത്തം അനില്‍ ടെലിവിഷനിലൂടെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ സിനിമയില്‍ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ പകരക്കാരനില്ലാത്ത വില്ലനിലൂടെ അദ്ദേഹം മലയാള സിനിമയില്‍ തന്റെ ഇരുപ്പിടം ഉറപ്പിക്കുകയായിരുന്നു. പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തിരക്കുകള്‍ ആരംഭിക്കുന്ന നേരത്ത് രണ്ട് വര്‍ഷം മുമ്പുള്ള ഒരു ക്രിസ്തുമസ് വൈകുന്നേരം ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത എത്തുകയായിരുന്നു. കോട്ടയത്ത് മലങ്കര ടാമില്‍ കുളിക്കാനിറങ്ങിയ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു.
ജോജു ജോര്‍ജ്ജ് നിര്‍മ്മിച്ച പീസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെ ഒഴിവു സമയത്തായിരുന്നു അനില്‍ നെടുമങ്ങാടും സംഘവും മലങ്കര ഡാമില്‍ കുളിക്കാന്‍ പോയത്. കൂടെയുണ്ടായിരുന്നവര്‍ കരയില്‍ എത്തിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും എത്തി അനില്‍ നെടുമങ്ങാടിനെ തിരഞ്ഞുകണ്ടുപിടിച്ച് കരക്കെത്തിച്ചപ്പോഴേക്കും അതുല്യ കലാകാരന്റെ ജീവന്‍ തട്ടിയെടുത്തിരുന്നു മലങ്കരഡാമിലെ ഓളങ്ങള്‍.
നീണ്ടകാലം ടെലിവിഷന്‍ പരിപരാടികളിലും നാടകത്തിലും സജീവമായിരുന്നെങ്കിലും സിനിമയില്‍ തന്റെ കഴിവ് തെളിയിക്കാന്‍ പിന്നെയും ഒരുപാടുകാലം അനില്‍ നെടുമങ്ങാടിന് വേണ്ടി വന്നു. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം ആയിരുന്നു അദ്ദേഹത്തിന്റെ ബ്രേക്ക് ത്രൂ ക്യാരക്ടര്‍. പിന്നീട് അനില്‍ നെടുമങ്ങട് എന്ന നടന്‍ തിളങ്ങുകയായിരുന്നു. തുടരെ വന്ന മിക്കവാറും ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളുമായി അനില്‍ നെടുമങ്ങാട് തിളങ്ങി. ഒടുവില്‍ മലയാള സിനിമയില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത നടനായി മാറുമ്പോള്‍ അദ്ദേഹം യാത്രപറഞ്ഞു.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം….സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു .2020 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനം, അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ജന്മദിനമാണ്. സച്ചി മരിച്ചതിന് ശേഷമുള്ള ആദ്യത്തെ ജന്മദിനമായിരുന്നു. അന്ന് സച്ചിയുടെ ഫോട്ടോ ഫെയ്‌സ്ബുക്ക് കവര്‍ഫോട്ടോയാക്കി അനില്‍ നെടുമങ്ങാട് കുറിച്ച വാക്കുകളായിരുന്നു ഇത്. സോഷ്യല്‍ മീഡിയ ഈ സംഭംവം വാര്‍ത്തയാക്കിയപ്പോളേക്കും അനില്‍ നെടുമങ്ങാടും യാത്രയായിരുന്നു.
പൃഥിരാജ് നായകനായ ‘പാവാട’, ജോഷി ചിത്രമായ ‘പൊറിഞ്ചു മറിയം ജോസ്’, കമലിന്റെ ‘ആമി’, ഷാനവാസ് ബാവക്കുട്ടിയുടെ ‘കിസ്മത്’ തുടങ്ങി 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടു. എന്നാല്‍ ഇവയില്‍ കൂടുതലും പ്രാധാന്യം കുറഞ്ഞ കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. അര്‍ഹിച്ച വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയപ്പോഴെക്കും അനില്‍ അഭിനയലോകംവിട്ട് യാത്രയായി. എന്നാല്‍ അദ്ദേഹം കൈ നിറയെ ചിത്രങ്ങള്‍ അഭിനയിക്കാന്‍ ബാക്കിവെച്ച് തന്നെയാണ് മരണത്തിന് കീഴടങ്ങിയത്.
സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് തിളക്കംവെക്കുന്നതിന് മുമ്പ്തന്നെ ആരാധകര്‍ക്കിടയില്‍ അദ്ദേഹം പ്രിയപ്പെട്ടവന്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്ന അദ്ദേഹം മിക്കവാറും ആരാധകരുടെ എല്ലാം മെസേജുകള്‍ക്ക് മറുപടി നല്‍കുമായിരുന്നു. അത്‌കൊണ്ടുതന്നെ അനില്‍ നെടുമങ്ങാട് എന്ന നടന്റെ വിയോഗം മലയാള സിനിമക്കും ആരാധകര്‍ക്കും നികത്താന്‍ ആകാത്ത നഷ്ടംതന്നെയാണ്.