‘പുഴ മുതല്‍ പുഴ വരെ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ല

1 min read

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ഏറെ നാളായി റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പറയുകയാണ് ടി.ജി. മോഹന്‍ദാസ്. കേന്ദ്രവാര്‍ത്ത വിതരണ മന്ത്രി അനുരാഗ് താക്കൂര്‍ വിഷയത്തില്‍ ഇടപെടണമെന്നും മോഹന്‍ദാസ് ട്വീറ്റ് ചെയ്തു.

‘1921ലെ ഹിന്ദു വംശഹത്യ ആധാരമാക്കിയ പുഴ മുതല്‍ പുഴ വരെ എന്ന മലയാള സിനിമയ്ക്ക് കേന്ദ്ര സെസര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടിയാണ് കേരളത്തില്‍ നിന്നുള്ള ഞങ്ങള്‍ ഈ ട്വീറ്റ് ചെയ്യുന്നത്. ഞങ്ങളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണ്. പാവം നിര്‍മ്മാതാവ് രാമസിംഹന്‍ ഇപ്പോള്‍ കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഞങ്ങള്‍ അനാഥരാണെന്നത് സങ്കടത്തോടെ ഉള്‍ക്കൊള്ളുന്നു’ എന്നാണ് ടി ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തത്. അനുരാഗ് താക്കൂറിനെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അടുത്തിടെ സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്നും രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും ടി ജി മോഹന്‍ദാസ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല മറിച്ച് ഒഎന്‍വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. 1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമ ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ നിര്‍മ്മിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.