മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്; പ്രതി ഇപ്പോഴും ഒളിവില്‍
1 min readകോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കടയില്‍നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെന്ഷന്. . ഇടുക്കി എ.ആര്. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ഏകദേശം പത്തുകിലോയോളം മാമ്പഴം ശിഹാബ് തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്.
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മാമ്പഴം മോഷ്ടിച്ചത് ശിഹാബാണെന്ന് വ്യക്തമായിരുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ ശിഹാബ് ഒളിവില്‍പോയിരിക്കുകയാണെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം പോലീസുകാരന് മോഷ്ടിച്ചത്. സ്കൂട്ടര്‍ കടയുടെ സമീപം നിര്‍ത്തി, പെട്ടികളിലുണ്ടായിരുന്ന മാമ്പഴം ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. സ്കൂട്ടറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നില്‍ പോലീസുകാരനാണെന്ന് വ്യക്തമായത്.