അന്നം മുട്ടിക്കുന്ന പരിപാടി; ശ്രീനാഥ് ഭാസിയുടെ വിലക്കിന്നെതിരെ മമ്മൂട്ടി
1 min readകൊച്ചി: സിനിമയില്‍ വിലക്ക് പാടില്ലെന്നും തൊഴില്‍ നിഷേധം തെറ്റാണെന്നും മമ്മൂട്ടി. അവതാരകയെ അപമാനിച്ച വിഷയത്തിൽ ശ്രീനാഥ് ഭാസിയെ നിർമാതാക്കളുടെ സംഘടന വിലക്കിയതിനെതിരേയാണ് മമ്മൂട്ടി രംഗത്ത് വന്നത്. അന്നം മുട്ടിക്കുന്ന പരിപാടിയാണ് വിലക്ക്. തൊഴിൽ നിഷേധിക്കാന്‍ ആർക്കും അവകാശമില്ലെന്നും സിനിമയിൽ നിന്ന് വിലക്കിയ നിർമാതാക്കളുടെ തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാഥ് ഭാസി വിഷയത്തില്‍ ഇതാദ്യമായാണ് മമ്മൂട്ടി പരസ്യ പ്രതികരണവുമായി രംഗത്ത് വരുന്നത്. വിലക്ക് പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ടി പറഞ്ഞു.
‘റോഷാക്ക്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വിലക്കിനെ കുറിച്ചുള്ള ചോദ്യത്തിന് ‘വിലക്ക് മാറ്റിയില്ലേ?’ എന്നായി താരത്തിന്റെ മറുചോദ്യം. ഇല്ലെന്ന മറുപടി വന്നപ്പോൾ തൊഴിൽ നിഷേധം തെറ്റാണെന്നും വിലക്കിയിട്ടില്ലെന്നാണ് താൻ അറിഞ്ഞിരുന്നത് എന്നുമായിരുന്നു പ്രതികരണം.
അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആറു മാസത്തേക്ക് വിലക്കിയത്. സംഭവത്തിൽ അവതാരക പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പോലീസിലും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ സിനിമാ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. നിലവിൽ ബാക്കിയുള്ള ഡബ്ബിങ്ങും ഷൂട്ടിങ്ങും തീർക്കാൻ അനുവദിക്കും. അതിനു ശേഷം സിനിമകളിൽ അഭിനയിപ്പിക്കില്ല. നാലു ഡബ്ബിങ്ങുകളും ഒരു സിനിമ ഷൂട്ടിങ്ങും പൂർത്തിയാക്കാൻ അനുവദിക്കും. കരാറിൽ നിന്നും കൂടുതൽ വാങ്ങിയ തുക ശ്രീനാഥ് ഭാസി തിരിച്ചു നൽകും എന്നീ തീരുമാനങ്ങളായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.
അവതാരകയോട് മോശമായി പെരുമാറിയതിൽ ശ്രീനാഥ് ഭാസി തെറ്റ് സമ്മതിക്കുകയും പരാതിക്കാരിയോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഭാസിയെ പോലീസ് അറസ്റ്റുചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് അവതാരക പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയായിരുന്നു.