ആദ്യ കുഞ്ഞിന് ബാത്ത് ഡബ് പ്രസവം
1 min readഡബ്ബ് ഡെലിവറിയെ കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം കൗതുകമാണ് തോന്നിയത്
ബോയ്‌സ് എന്ന ചിത്രത്തിലൂടെ ശങ്കര്‍ കുറച്ച് യങ് ഹീറോസിനെ സിനിമാ ലോകത്തേക്ക് കൊണ്ടുവന്നിരുന്നു. അതിലൊരാളാണ് നകുല്‍ ജയ്‌ദേവ്…. നടി ദേവയാനിയുടെ സഹോദരനായ നകുല്‍ പിന്നീട് ഗെറ്റപ്പില്‍ വലിയൊരു മാറ്റം വരുത്തി തമിഴ് സിനിമയില്‍ സജീവമായി. നടന്‍ എന്നതിനപ്പുറം ഗായകന്‍ കൂടെയാണ് നകുല്‍. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ ചില വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
നകുലിന്റെയും ശ്രുതിയുടെയും ആദ്യത്തെ കുഞ്ഞ് അകിരയുടെ ജനനം വലിയ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. ബാത്ത് ഡബ്ബില്‍ കുഞ്ഞിന് ജന്മം നല്‍കിയ ശ്രുതിയുടെയും, അതിന് പിന്തുണയും കരുത്തുമായി കൂടെ നിന്ന നകുലിന്റെയും വിശേഷങ്ങള്‍ അന്നത്തെ ദേശീയ മാധ്യമങ്ങളില്‍ പോലും നിറഞ്ഞു നിന്നു. അകിരയ്ക്ക് ഇന്ന് നാല് വയസ്സായി, ഒരു കുഞ്ഞനിയനും ഉണ്ട്, അമോര്‍.
കല്യാണം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് ശ്രുതി ഗര്‍ഭിണിയായത്. അത് പ്ലാന്‍ഡ് ആയിരുന്നു. പരസ്പരം മനസ്സിലാക്കിയതിന് ശേഷം, ജീവിതം എന്താണ് എന്ന് തിരിച്ചറിഞ്ഞതിന് ശേഷം സമയമെടുത്തി പക്വതയോടെ കാര്യങ്ങളെ സമീപിക്കണം എന്നതായിരുന്നുവത്രെ രണ്ടു പേരുടെയും തീരുമാനം. അതിന് വേണ്ടിയാണ് നാല് വര്‍ഷം കാത്തിരുന്നത്.
കൊവിഡ് മഹാമാരി ഏറ്റവും പീക്കില്‍ നില്‍ക്കുമ്പോഴാണ് ശ്രുതി ഗര്‍ഭിണിയായത്. ആ സമയത്ത് ആശുപത്രിയില്‍ പോകുന്നത് പോലും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ശ്രുതി പല റിസേര്‍ച്ചുകളും ചെയ്യാന്‍ തുടങ്ങി. ബാത്ത് ഡബ്ബ് ഡെലിവറിയെ കുറിച്ച് അറിഞ്ഞപ്പോള്‍ ആദ്യം കൗതുകമാണ് തോന്നിയത്. പിന്നീട് അതിനെ കുറിച്ച് ഓരോ കാര്യങ്ങള്‍ പഠിക്കുന്തോറും, അതിലുള്ള വിശ്വാസം കൂടിക്കൂടി വന്നു.
ഒന്നും അറിയാതെ എന്ത് ധൈര്യത്തിലാണ് ഈ ഒരു തീരുമാനം എടുത്തത് എന്ന് ചോദിക്കാന്‍ കഴിയില്ല, ധൈര്യക്കുറവ് ഉണ്ടാവുന്നത് അതിനെ കുറിച്ച് മനസ്സിലാക്കുന്നത് വരെ മാത്രമാണ്. ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുമ്പോള്‍ ഒരു അമ്മ എന്ന നിലയില്‍ എനിക്ക് എത്ര മാത്രം ടെന്‍ഷനുണ്ടാവുമോ, അത്രയും തന്നെ ആത്മവിശ്വാസവും അതിലുണ്ടായിരുന്നു. നകുല്‍ എന്നെ വിശ്വസിച്ചു, എനിക്കേതാണ് താത്പര്യം അതിനൊപ്പം നിന്നു. അതായിരുന്നു ഏറ്റവും വലിയ സപ്പോര്‍ട്ട്. പലരോടും ചോദിച്ചും, പറഞ്ഞും, പഠിച്ചും മനസ്സിലാക്കി തന്നെയാണ് ബാത്ത് ഡബ്ബ് ഡെലിവറി എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തത് എന്ന് ശ്രുതി പറഞ്ഞു.
കുഞ്ഞിനെ ആദ്യം കൈയ്യില്‍ വച്ചു തന്നതിന്റെ സന്തോഷത്തെ പറ്റ് നകുല്‍ പങ്കുവച്ചതിങ്ങനെ… ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം അതായിരുന്നു. അതുവരെ അച്ഛന്‍ എന്ന വികാരം എത്രത്തോളമാണ് എന്ന് മനസ്സിലായിട്ടുണ്ടായിരുന്നില്ല. അകിരയെ കൈയ്യില്‍ വച്ചു തന്ന നമിഷത്തെ കുറിച്ച് പറഞ്ഞു തരാനും എനിക്ക് സാധിക്കില്ല. അത്രയും മനോഹരമായ നിമിഷമായിരുന്നു അത്.