കുമ്മനടിച്ചത് താനല്ലെന്ന് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി
1 min readMalayali News Desk
കൊച്ചി: അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന പരിഹാസങ്ങള്‍ക്കു മറുപടിയുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി ആയിരുന്നെങ്കിലും മുകളിലെ മറ്റൊരു ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടത് താനായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെയാണ് അവിടേക്കു കടന്നുവന്ന മമ്മൂട്ടി കത്രിക കയ്യിലെടുത്തതെന്നും എല്‍ദോസ് കുന്നപ്പിള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘കുമ്മനടിച്ചത് ഞാനല്ല’ എന്ന ഹാഷ് ടാഗോടെയാണ് ഇന്നലെ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഇന്നു രാവിലെ (11.08.2022) അങ്കമാലി ഓപ്ഷന്‍സ് ടെക്സ്റ്റൈല്‍സ് ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടകന്‍ മമ്മൂട്ടി ആയിരുന്നു. ഉദ്ഘാടന ശേഷം മുകളിലെ ചെറിയ ഷോറൂം ഉദ്ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാന്‍ ഉദ്ഘാടനത്തിനു തയാറായി നിന്നപ്പോള്‍ അവിടേക്ക് മമ്മൂട്ടി കടന്നുവരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്ഘാടകന്‍ എംഎല്‍എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എംഎല്‍എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടി.
എന്നാല്‍ ഞാന്‍ അദ്ദേഹത്തോട് ഉദ്ഘാടനം നിര്‍വഹിച്ചോളൂ എന്ന് പറയുകയും കൈ ഒന്ന് തൊട്ടുകൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം കത്രിക ഞാന്‍ വാങ്ങി നല്‍കുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാര്‍ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ നല്‍കുന്നത് ശരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവര്‍ക്ക് ടെക്സ്റ്റൈല്‍സ് ഉടമയോടോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്.
മാത്രമല്ല, ആ ഫ്ലോറിന്റെ ഉദ്ഘാടകന്‍ ഞാനാണെന്ന് അറിയാതെയാണ് മമ്മൂട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാന്‍ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാമെന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്.
English Summary: Eldhose Kunnappilly’s explanation on Showroom Inauguration