കഴുത്തിലും ദേഹത്തും പാടുകളുണ്ടായിരുന്നു, കൊലപാതകമാണോ എന്ന് അന്ന് ചോദിച്ചിരുന്നു; വെളിപ്പെടുത്തലുമായി പോസ്റ്റ്മോര്‍ട്ടം സംഘാംഗം
1 min readമുംബൈ: രാജ്യത്തെ ഞെട്ടിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംഭവിച്ച് ഒന്നര വര്‍ഷത്തിനു ശേഷം പുതിയൊരു വെളിപ്പെടുത്തല്‍. താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാകാമെന്നുമുള്ള വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് ദൃക്സാക്ഷിയായ ഒരാള്‍. സുശാന്തിന്റേത് ആത്മഹത്യയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അട്ടിമറി നടന്നിട്ടുണ്ടെന്ന് കുടുംബവും ആരാധകരും ആവര്‍ത്തിക്കുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍.
2020 ജൂണ്‍ 14നായിരുന്നു മുംബൈയിലെ ഫ്ലാറ്റില്‍ വെച്ച് സുശാന്ത് സിങ് രാജ്പുത് മരിക്കുന്നത്. കിടപ്പുമുറിയില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മരണം കൊലപാതകമാകാമെന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ ഭാഗമായ രൂപ്കുമാര്‍ ഷാ എന്നയാള്‍ ഒരു അഭിമുഖത്തില്‍ വാദിക്കുന്നത്. സുശാന്തിന്റെ കഴുത്തിലും ശരീരത്തിലും നിരവധി പാടുകളുണ്ടായിരുന്നു എന്നും ഇദ്ദേഹം പറയുന്നു.
സുശാന്ത് സിങ് രാജ്പുത് മരിക്കുന്ന ദിവസം കൂപ്പര്‍ ഹോസ്പിറ്റലില്‍ ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങളായിരുന്നു പോസ്റ്റ്മോര്‍ട്ടത്തിനായി ലഭിച്ചത്. ഇതില്‍ ഒരെണ്ണം ഒരു വിഐപിയുടേതായിരുന്നു. പോസ്റ്റ്മോര്‍ട്ടം തുടങ്ങുമ്പോള്‍ ഇത് സുശാന്ത് ആണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ നിരവധി പാടുകളുണ്ടായിരുന്നു. കഴുത്തിലായിരുന്നു രണ്ട് മൂന്ന് പാടുകള്‍. പോസ്റ്റ്മോര്‍ട്ടം റെക്കോഡ് ചെയ്യേണ്ടിയിരുന്നെങ്കിലും ഉന്നതാധികാരികള്‍ പറഞ്ഞത് ഫോട്ടോകള്‍ മാത്രം പകര്‍ത്തിയാല്‍ മതി എന്നായിരുന്നു. അതുകൊണ്ട് ഉത്തരവ് അനുസരിച്ച് മാത്രം ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്തു.
സുശാന്ത് സിങ് രാജ്പുത് കൊല്ലപ്പെട്ടതാകാം എന്ന സംശയം അന്നു തന്നെ ഉന്നയിച്ചിരുന്നതായി പറയുന്നു. എന്നാല്‍ ചട്ടപ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നായിരുന്നു നിര്‍ദേശം. സുശാന്ത് കൊല്ലപ്പെട്ടതാകാം എന്ന് മൃതദേഹത്തിന്റെ ആദ്യകാഴ്ചയില്‍ തന്നെ മനസ്സിലായിരുന്നു എന്നും പോസ്റ്റ്മോര്‍ട്ടം സംഘാംഗം പറയുന്നു. ഇക്കാര്യം ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോള്‍ നമുക്ക് ചട്ടപ്രകാരം മാത്രം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നായിരുന്നു കിട്ടിയ മറുപടിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പെട്ടെന്നു തന്നെ ചിത്രങ്ങള്‍ പകര്‍ത്താനും മൃതദേഹം പോലീസിനു വിട്ടുകൊടുക്കാനും സീനിയേഴ്സ് ആവശ്യപ്പെട്ടെന്നും ഇദ്ദേഹം പറയുന്നു. ഈ സാഹചര്യത്തിലാണ് രാത്രി മൃതദേഹ പരിശോധന പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
താരത്തിന്റെ മരണം ഏറെ വിവാദത്തിനു വഴിവെച്ചെങ്കിലും മരണകാരണം ആത്മഹത്യയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടക്കത്തില്‍ കേസ് അന്വേഷിച്ചത് മുംബൈ പോലീസ് ആയിരുന്നെങ്കിലും പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കും കൈമാറി. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിയെയും പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു.