രണ്ടാംവരവില്‍ ആരാധകരെ തിയേറ്ററില്‍ കാത്തുനിര്‍ത്തി ഹിറ്റടിച്ച് ‘ ബാബ’

1 min read

രജനീകാന്ത് ചിത്രം ബാബയ്ക്ക് 20 വര്‍ഷത്തിനിപ്പുറം വന്‍ വരവേല്‍പ്പ്. സുരേഷ് കൃഷ്ണ സംവിധാനംചെയ്ത സിനിമ രജനിയുടെ 72ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 12നാണ് വീണ്ടും റിലീസ് ചെയ്തത്.

സിനിമ കാണാനായി ആരാധകര്‍ തിയേറ്ററില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറില്‍നിന്ന് മുന്നൂറായി വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് അധികൃതര്‍. ദൈര്‍ഘ്യത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്ന ചിത്രം പുതിയതലമുറയെ ആകര്‍ഷിക്കുന്നതരത്തില്‍ 30 മിനിറ്റ് ചുരുക്കിയാണ് പ്രദര്‍ശിപ്പിച്ചത്. സിനിമാപ്രേമികളുടെ അഭിരുചിക്കനുസരിച്ച് ക്ലൈമാക്‌സും മാറ്റിയിട്ടുമുണ്ട്.

രജനിയുടെ കരിയറിലെത്തന്നെ ഏറ്റവുംവലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമായിരുന്നു ബാബ. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രം നിര്‍മിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനല്‍കിയതുമെല്ലാം വന്‍വാര്‍ത്തകളായിരുന്നു.

മനീഷാ കൊയ് രാള, അമരീഷ് പുരി, ആശിഷ് വിദ്യാര്‍ത്ഥി, എം.എന്‍. നമ്പ്യാര്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ഇവര്‍ക്ക് പുറമേ രാഘവാ ലോറന്‍സ്, രമ്യാകൃഷ്ണന്‍, നാസര്‍, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവര്‍ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

സാങ്കേതികമേന്മ പ്രശംസിക്കപ്പെട്ടെങ്കിലും ചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമാണ് ഏറ്റുവാങ്ങിയത്. ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാഗമാണോ ചിത്രം എന്നുവരെ അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പുകവലിച്ചുകൊണ്ട് നില്‍ക്കുന്ന നായകന്റെ പോസ്റ്ററുകള്‍ യുവാക്കളെ വഴിതെറ്റിക്കുന്നതായും വിമര്‍ശനമുയര്‍ന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ ആക്രമിക്കപ്പെടുകയും ഫിലിം റോളുകള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ സംഗീതത്തേക്കുറിച്ചും ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ വിവാദങ്ങളേത്തുടര്‍ന്ന് അഭിനയത്തില്‍ നിന്ന് രജനീകാന്ത് വിട്ടുനിന്നിരുന്നു.

Related posts:

Leave a Reply

Your email address will not be published.