പഠാന്‍ റിലീസിന് അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ്; വിവാദം കത്തുന്നു

1 min read

പാഠാന്‍ സിനിമയ്‌ക്കെതിരേ പ്രതിഷേധവുമായി മധ്യപ്രദേശ് ഉലമ ബോര്‍ഡ്. സിനിമ ഇസ്ലാം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഒരിക്കലും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് ബോര്‍ഡിന്റെ നിലപാട്. ഏറ്റവും ബഹുമാനിക്കപ്പെടുന്ന വിഭാഗമാണ് പഠാനുകള്‍. പഠാനികള്‍ മാത്രമല്ല മൊത്തം മുസ്ലീമുകളെ മുഴുവന്‍ അപമാനിക്കുന്ന ചിത്രമാണിത്. സിനിമയ്ക്ക് പഠാനെന്ന് പേരിട്ട് സ്ത്രീകളുടെ അശ്ലീല നൃത്തം ഉള്‍പ്പെടുത്തിയതിലൂടെ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നു മധ്യപ്രദേശ് ഉലമ ബോര്‍ഡ് പ്രസിഡന്റ് സെയ്ദ് അനസ് അലി പറഞ്ഞു.

‘ബേഷരം റംഗ്’ എന്ന തുടങ്ങുന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിക്കുന്നുണ്ട്. ഈ ഗാനത്തിനെതിരേ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്ത് വന്നതിന് പിന്നാലെ പഠാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തി.

വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു. ബേഷരം എന്ന ഗാനം ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ലെന്നാണ് നരോത്തം മിശ്ര പറഞ്ഞത്. ദീപിക തുക്ക്‌ഡെ തുക്ക്‌ഡെ സംഘത്തിന്റെ അനുകൂലിയാണെന്നും (ജെഎന്‍യു സമരം) അദ്ദേഹം പറഞ്ഞു.

ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത് നരോത്തം മിശ്ര പറഞ്ഞു.

സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. യഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.