എല്ലാം മറന്ന് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല; ഉണ്ണി മുകുന്ദന്‍

1 min read

ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി എത്തി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ‘മേപ്പടിയാന്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രവുമായി ബന്ധപ്പെട്ട് നടന്‍ ബാല നടത്തിയ പ്രതിഫല പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളിക്കൊണ്ട് ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാലയുടെ പരാമര്‍ശം വ്യക്തിഹത്യയായിട്ടാണ് കാണുന്നതെന്നാണ് ഉണ്ണിമുകുന്ദന്‍ പറഞ്ഞത്.

ഒരു ദിവസമെങ്കിലും തന്റെ അമ്മയെ കരയിപ്പിക്കാന്‍ ബാലയുടെ പരാമര്‍ശം കാരണമായെന്നും ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും തന്റെ സൗഹൃദം പെട്ടെന്ന് പോകുന്നതല്ലെന്നും എന്നാല്‍ പഴയ പോലെ ഫ്രണ്ട്‌ലി ആകാന്‍ സാധിക്കില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകള്‍ ഇങ്ങനെ

എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഉണ്ടാകാനും പോകുന്നില്ല. ഞാന്‍ ഇപ്പോഴും ഇത് തമാശയായാണ് കാണുന്നത്. ബാല എന്തുകൊണ്ട് ഇത് ചെയ്തു എന്ന് അറിയില്ല. ഇത് മാര്‍ക്കറ്റിംഗ് അല്ല എന്റെ വ്യക്തിഹത്യ ആയിട്ടാണ് കാണുന്നത്. ഈ സിനിമയില്‍ സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവുകയും ഇല്ല. പക്ഷേ പഴയ പോലെ ഫ്രണ്ട്‌ലി ആകാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാം മറന്ന് മുന്നോട്ട് പോകാനും കഴിയില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. നിന്നോട് നൂറ് തവണ പറഞ്ഞിട്ടും കേട്ടില്ലല്ലോ എന്ന് പറഞ്ഞാണ് അവര്‍ സംസാരിച്ചത്. ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ.

Related posts:

Leave a Reply

Your email address will not be published.