ആലപ്പുഴയുടെ കലക്ടര്‍ മാമന്‍ കൃഷ്ണ തേജ്
1 min readഹരിത നന്ദിനി
2018ലെ കേരളത്തിലെ പ്രളയകാലത്ത് കുട്ടനാട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനും പ്രളയബാധിത ജില്ലയെ പുനര്‍നിര്‍മ്മിക്കുന്നതിനായി ‘ഞാന്‍ ആലപ്പുഴയ്ക്ക്’ എന്ന കാമ്പയിന് നേതൃത്വം നല്‍കിയുമാണ് കൃഷ്ണതേജ് ഐഎഎസ് പ്രശസ്തനാകുന്നത്. പ്രശസ്തനാകുക എന്നല്ല അദ്ദേഹത്തെ വിശേഷിപ്പിക്കേണ്ടത് ആലപ്പുഴയിലെ ജനങ്ങളുടെ മസ്സിലേക്കുള്ള കൂടെ ഞാനുണ്ട് എന്ന വാക്ക് കൊടുക്കല്‍ കൂടിയായിരുന്നു അത്. അതൊരിക്കലും ഒരു വാക്ക്‌കൊണ്ടു പറഞ്ഞതല്ല പ്രവൃത്തിയിലൂടെ ആലപ്പുഴക്കാരെ കൈ ചേര്‍ത്ത് പിടിക്കലായിരുന്നു. ആലപ്പുഴ ജില്ലയിലെ സബ്കലക്ടറായിരിക്കെ അത്രയധികം പ്രശംസ നേടിയ മറ്റൊരു വ്യക്തി ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. അതിനു ശേഷം അദ്ദേഹം കേരള ടൂറിസം ഡയറക്ടര്‍, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍, എന്നി സ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണ തേജ ആലപ്പുഴ ജില്ലയിലെ 55ാമത്തെ കലക്ടറാണ്. ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നതിന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരിക്കെ ആയിരുന്നു ആലപ്പുഴ ജില്ലാ കളക്ടറായി അദ്ദേഹത്തിന്റെ ചുമതലയേല്‍ക്കല്‍. ശ്രീറാം വെങ്കിട്ടരാമന് പകരമായിരുന്നു കൃഷ്ണ തേജ സ്ഥാനമേറ്റത്. 2019ല്‍ തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റാരോപിതനായ വെങ്കിട്ടരാമന്‍, കഷ്ടിച്ച് ഒരാഴ്ച മാത്രമേ ആ സ്ഥാനത്ത് തുടര്‍ന്നുള്ളൂ. ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചത് വിവാദങ്ങള്‍ക്ക് കാരണമാവുകയും സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരാക്കി മാറ്റുകയും ചെയ്തു. വെങ്കിട്ട രാമന്റെ നിയമനം ആലപ്പുഴയിലെ ജനങ്ങളെ ഏറെ ചൊടിപ്പിക്കുകയും ശക്തമായ പ്രതിഷേതങ്ങള്‍ക്കും കാരണമായി. കൃഷ്ണ തേജിന് ചുമതല കൈമാറുന്ന ചടങ്ങില്‍ വെങ്കിട്ടരാമന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണതേജ് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും പ്രിയപ്പെട്ടതാണ്. കുട്ടികള്‍ക്ക് ഇടയില്‍ കലക്ടര്‍ മാമന്‍ എന്നൊരു വിളിപ്പേരും അദ്ദേഹത്തിനുണ്ട്. ജില്ലക്ക് വേണ്ടി അദ്ദേഹം ചെയ്യുന്ന ഒരോ ചെറിയ കാര്യവും ശ്രദ്ദേയമാണ് എന്നതും എടുത്ത് പറയേണ്ടുന്ന കാര്യമാണ്. ഏതൊരു വേദിയിലും മലയാളം അനായാസം കൈകാര്യം ചെയ്യുന്നു എന്നതും എടുത്ത് പറയേണ്ടുന്ന ഒന്നാണ്.
ജില്ലാ കളക്ടറായി ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഏവരുടേയും കൈയടി നേടുകയും ചെയ്തു ആലപ്പുഴ കലക്ടര്‍ വി.ആര്‍. കൃഷ്ണ തേജ്. ചുമതല ഏറ്റെടുത്ത് ആദ്യംതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിനൊപ്പമുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധനേടിയിരുന്നു. കൃഷ്ണ തേജ മുന്‍പ് നടത്തിയ ഒരു പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടിവന്ന തന്റെ പഠനകാലത്തെക്കുറിച്ചും ഐഎഎസ് പാസ്സാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ടായിരുന്നു. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടത്തിയ മോട്ടിവേഷണല്‍ ക്ലാസിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആലപ്പുഴ കളക്ടറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയ്ക്ക് കൃഷ്ണ തേജ കൈമാറി ആലപ്പുഴ ജില്ലയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘സ്‌നേഹജാലകം’ എന്ന കൂട്ടായ്മയ്ക്കായിരുന്നു കളക്ടര്‍ തുക കൈമാറിയത്. കിടപ്പുരോഗികള്‍ ഉള്‍പ്പടെ ദിവസവും 150 ഓളം പേര്‍ക്കാണ് സ്‌നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിച്ചുനല്‍കുന്നതെന്നും കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഐ ആം ഫോര്‍ ആലപ്പി, കലക്ടര്‍ ഫോര്‍ ആലപ്പി
കഷ്ടപ്പാടുകളറിഞ്ഞു വളര്‍ന്നതിന്റെ ആര്‍ദ്രത കൃഷ്ണ തേജയുടെ സേവനങ്ങളിലൂടെ ആലപ്പുഴക്കാര്‍ നേരത്തെ അറിഞ്ഞതാണ്. പ്രളയ കാലത്ത് സബ് കലക്ടറായിരുന്ന അദ്ദേഹം ‘അയാം ഫോര്‍ ആലപ്പി’ എന്ന സേവന പദ്ധതി തുടങ്ങിയപ്പോള്‍ അതിലൂടെ സഹായിച്ചത് തുച്ഛവരുമാനക്കാരെയാണ്. പ്രളയത്തില്‍ ജീവിതമാര്‍ഗം അടഞ്ഞ അവര്‍ക്ക് പശുക്കളെയും ആടുകളെയും വള്ളവും വലയുമൊക്കെ നല്‍കിയായിരുന്നു തുടക്കം. പിന്നീട് വീടുകള്‍ നല്‍കുന്നതു വരെ പദ്ധതി വളര്‍ന്നു. സ്വന്തം നാട്ടിലെ വ്യവസായികളെയും സിനിമാരംഗത്തുള്ളവരെയുമൊക്കെ അദ്ദേഹം അതിനായി കണ്ണി ചേര്‍ത്തു.
പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാന്‍ അന്ന് സബ് കലക്ടറായിരിക്കെ വി. ആര്‍. കൃഷ്ണ തേജ തുടങ്ങിയതാണ് ഐ ആം ഫോര്‍ ആലപ്പി പദ്ധതി. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് സഹായമെത്തിയിരുന്നു. അന്ന് കുട്ടനാട്ടിലെ 10 അങ്കണവാടികള്‍ അല്ലു അര്‍ജുന്‍ ഏറ്റെടുത്തിരുന്നു. ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് വീ ആര്‍ ഫോര്‍ ആലപ്പി. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്ന് പ്രാവശ്യം തോറ്റ ഐഎഎസ് പരീഷ
വീട്ടില്‍ കാശില്ലാത്തതിനാല്‍ സ്‌കൂളില്‍ വച്ച് പഠനം നിര്‍ത്തേണ്ടി വരുമെന്ന സാഹചര്യമുണ്ടായി, അയല്‍ക്കാരന്റെ സഹായത്തോടെ വീണ്ടും പഠിച്ചു, മൂന്നു പ്രധാന പരീക്ഷകളില്‍ ഒന്നാമനായി, പിന്നെ മൂന്നുവട്ടം സിവില്‍ സര്‍വീസ് പരീക്ഷയില്‍ തോറ്റു, വീറോടെ വീണ്ടും പഠിച്ച് ആ പരീക്ഷയും ജയിച്ചു. ‘ഏഴാം ക്ലാസ് വരെ ശരാശരി മിടുക്കു മാത്രമുള്ള വിദ്യാര്‍ഥിയായിരുന്നു താനെന്ന് അദ്ദേഹം സമ്മതിക്കുന്നു. എട്ടാം ക്ലാസിലായപ്പോള്‍ കുടുംബത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടായി പഠിപ്പു നിര്‍ത്തണമെന്നും ഏതെങ്കിലും കടയില്‍ ജോലിക്കു പോയാല്‍ കുടുംബത്തിനത് സഹായമാകുമെന്നും ചില ബന്ധുക്കള്‍ ഉപദേശിച്ചു. പഠിപ്പു നിര്‍ത്താന്‍ അച്ഛനും അമ്മയ്ക്കും താല്‍പര്യമില്ലായിരുന്നു. പക്ഷേ, തുടര്‍ന്നു പഠിപ്പിക്കാന്‍ പണവുമില്ല സങ്കടം കണ്ട് പഠനം തുടരാനുള്ള ചെലവു വഹിക്കാമെന്ന് ഒരു അയല്‍ക്കാരന്‍ വാഗ്ദാനം ചെയ്‌തെങ്കിലും അത്തരം സൗജന്യങ്ങള്‍ സ്വീകരിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. അക്കാലത്ത് വൈകിട്ട് 6 മുതല്‍ രാത്രി 9 വരെ മരുന്നു കടയില്‍ ജോലിക്കു പോയി. അങ്ങനെ കിട്ടിയ പണം കൊണ്ട് പത്താം ക്ലാസ് വരെ പഠനം. അതിനു ശേഷം വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കിയുള്ള പധനം തുടങ്ങി. പത്താം ക്ലാസിലും പ്ലസ് ടുവിനും ഒന്നാം റാങ്ക് നേടി. എന്‍ജിനീയറിങ് സ്വര്‍ണ മെഡലോടെ ജയിച്ചു.
എന്‍ജിനീയറിങ് കഴിഞ്ഞ് ഐബിഎം എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി . ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലത്ത് കൂടെ താമസിച്ചിരുന്നയാള്‍ സിവില്‍ സര്‍വീസില്‍ വലിയ താല്‍പര്യമുള്ളയാളായിരുന്നു. താമസസ്ഥലത്തുനിന്ന് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിലേക്ക് 30 കിലോമീറ്റര്‍ അകലെ ആയിരുന്നു റൂം മേറ്റിന് ആ യാത്ര വലിയ ബുദ്ധിമുട്ടായിരുന്നു. ഒടുവില്‍ സുഹൃത്തിന് കൂട്ടാകാനായി നിര്‍ബന്ധിച്ച് പരിശീലനത്തിനു ചേര്‍ത്തു. പഠിച്ചു തുടങ്ങിയപ്പോള്‍ ഐഎഎസ് കേവലം ഒരു ജോലിയല്ല, സേവനമാണെന്ന് മനസ്സിലാക്കി ഏകദേശം 30 വര്‍ഷം ജനങ്ങളെ സേവിക്കാനുള്ള വഴിയാണെന്ന് മനസ്സിലാക്കി പഠിച്ചു.
ഐഎഎസിനായുള്ള ആദ്യ ശ്രമത്തില്‍ തോറ്റു. ഐബിഎമ്മിലെ ജോലിക്കൊപ്പം സിവില്‍ സര്‍വീസ് തയാറെടുപ്പ് പ്രയാസമാണെന്ന് മനസ്സിലായി 2011ല്‍ ജോലി ഉപേക്ഷിച്ചു. ദിവസം 15 മണിക്കൂര്‍ വരെ പഠിക്കാന്‍ തുടങ്ങി. പക്ഷേ, രണ്ടാമത്തെയും മൂന്നാമത്തെയും ശ്രമങ്ങളിലും പരാജയപ്പെട്ടു. 3 പ്രധാന പരീക്ഷകളില്‍ സംസ്ഥാനത്ത് ഒന്നാമനായി ജയിച്ച ശേഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ 3 തോല്‍വികള്‍ ആത്മവിശ്വാസം പാടെ നഷ്ടപ്പെടുത്തി. എന്തുകൊണ്ടാണ് തോല്‍ക്കുന്നതെന്ന് എനിക്കു മനസ്സിലായില്ല. എന്തുകൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്നില്ലെന്ന് ഒരു മാസം ചിന്തിച്ചു. ഉത്തരം കിട്ടിയില്ല. കൂട്ടുകാരോട് ഞാന്‍ പ്രശ്‌നം പങ്കുവച്ചു. താന്‍ മിടുക്കനാണെന്ന് അവരും പറഞ്ഞു. പക്ഷേ, ഐഎഎസ് കിട്ടാത്തത് എന്തുകൊണ്ടെന്ന് അവര്‍ക്കും പറയാന്‍ കഴിയുന്നില്ല.
ഐഎഎസ് ശ്രമം ഉപേക്ഷിച്ച് ഐബിഎമ്മില്‍ വീണ്ടും ജോലിക്കു ചേരാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്റര്‍വ്യൂവിന് പോയി, ജോലി കിട്ടി. കൂട്ടുകാരൊട് വിളിച്ച് പുതിയ തീരുമാനം അറിയിച്ചു. ആ വിവരം ചില ശത്രുക്കളിലും എത്തി. തന്റെ ശത്രുക്കള്‍ തനിക്ക് ഒരിക്കലും ഐഎഎസ് കിട്ടില്ലെന്നും ഐടി ജോലി തന്നെയാണ് നല്ലതെന്നും പറഞ്ഞ് പരിഹസ്സിച്ചു. പക്ഷേ, എന്തുകൊണ്ട് ഐഎഎസ് കിട്ടുന്നില്ല എന്ന ചോദ്യത്തിന് അവര്‍ 3 കാര്യങ്ങള്‍ പറഞ്ഞു
കയ്യക്ഷരം വളരെ മോശമാണെന്നും 2000 മാര്‍ക്കിനാണ് സിവില്‍ സര്‍വീസ് എഴുത്തുപരീക്ഷയെന്നും. ഉത്തരങ്ങള്‍ പോയിന്റുകളായി എഴുതിയിട്ടു കാര്യമില്ല. കഥ പോലെ എഴുതണമെന്നും. നീ ഉത്തരങ്ങള്‍ നേരെ എഴുതുകയാണ്. പക്ഷേ, സിവില്‍ സര്‍വീസില്‍ തന്ത്രപരമായി, വിശ്വസനീയമായി എഴുതണം. അതിനു പ്രാപ്തനാകണം എന്നും പറഞ്ഞു തുടര്‍ന്ന് കയ്യക്ഷരം നന്നാക്കാന്‍ പരിശീലനം തുടങ്ങി. ദിവസം 2 മണിക്കൂര്‍ വീതം പരിശ്രമിച്ചു.
കഥ പോലെ കാര്യം പറയാനായിരുന്നു അടുത്ത പരിശ്രമം. എന്നും രാവിലെ 4.30 മുതല്‍ 7.30 വരെ ഒരു പരിശീലന കേന്ദ്രത്തില്‍ പോയി പരീക്ഷയെഴുതി തന്നെ ശ്രമിച്ചു. കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കാനുള്ള പഠനം പഠിപ്പിക്കുന്നതിലൂടെയാണ് നേടിയത്. ഒരു പരിശീലന കേന്ദ്രത്തില്‍ അധ്യാപകനായി ആ കഴിവും നേടിയെടുത്തു. അങ്ങനെ, എന്റെ 3 പോരായ്മകളെ മറികടന്നു. പിന്നെ സിവില്‍ സര്‍വീസ് പരീക്ഷ വീണ്ടും എഴുതി. 66ാം റാങ്കോടെ ജയിച്ചു.
വിനീഷയുടെ കഥയറിഞ്ഞു; പഠനാവശ്യത്തിനുള്ള പണം കൈമാറി
പഠനത്തിനും വീട്ടുകാരെ സഹായിക്കാനുമായി സ്വന്തം സ്‌കൂളിനു മുന്നില്‍ ഉന്തുവണ്ടിയില്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനീഷയ്ക്ക് കൈത്താങ്ങുമായി ആലപ്പുഴ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജ. പ്ലസ് ടു വിദ്യാര്‍ഥിനിയായ വിനീഷയുടെ കഥ, വാര്‍ത്തയായതിന് പിന്നാലെയാണ് കളക്ടറുടെ ഇടപെടല്‍. വിനീഷയുടെ പ്ലസ് ടു പഠനത്തിന് ആവശ്യമായ തുക കൈമാറിയെന്ന് കൃഷ്ണതേജ, ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു
ഭാവിയിലെ ഒരു താരത്തിനെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്താം. പ്ലസ് ടു വിദ്യാര്‍ഥിനി വിനീഷ വിദ്യാധരനാണ് ആ താരം. പ്ലസ് ടു പഠനത്തിനൊപ്പം കുടുംബത്തെ കൂടി മുന്നോട്ട് കൊണ്ടുപോകാനായി വൈകുന്നേരങ്ങളില്‍ ഈ മോള്‍ കപ്പലണ്ടി കച്ചവടം നടത്തിയാണ് പണം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്തകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമാണ് ഈ മോളെക്കുറിച്ച് ഞാന്‍ അറിയുന്നത്. ഞാന്‍ ക്ഷണിച്ചത് പ്രകാരം ഈ മോള്‍ അമ്മയോടൊപ്പം എന്റെ ഔദ്യോഗിക വസതിയില്‍ വന്നിരുന്നു. മോള്‍ക്ക് പ്ലസ് ടു പഠിക്കാനാവശ്യമായ തുക ഞാന്‍ കൈമാറിയിട്ടുണ്ട്. പഠനത്തോടൊപ്പം കുടുംബത്തെകൂടി നോക്കാനുള്ള ഈ മോളുടെ മനസിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ മോളുടെ കഥ വായിച്ചപ്പോള്‍ എന്റെ ചെറുപ്പകാലം തന്നെയാണ് ഓര്‍മ വന്നത്. പഠനത്തോടൊപ്പം കുടുംബത്തിന് വേണ്ടിയും ഒരുപാട് കഷ്ടപ്പെടുന്ന ഈ മോള്‍ പഠിച്ച് ഭാവിയില്‍ സമൂഹത്തിനും വീടിനും ഉപകാരപ്പെടുന്ന ഒരു സ്ഥാനത് എത്തുമെന്നതില്‍ യാതൊരു സംശയവുമില്ല. മോള്‍ക് എല്ലാവിധ ആശംസകളും. ഒരുപാട് സ്‌നേഹത്തോടെ..
വിദ്യാര്‍ത്ഥിക്ക് അല്ലു അര്‍ജ്ജുന്‍ വഴി സഹായം.
പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടിനിന്ന ആലപ്പുഴ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ തുടര്‍ന്നു പഠിക്കണമെന്ന ആഗ്രഹത്തിനു താങ്ങായി പഠനച്ചെലവ് കണ്ടെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ആലപ്പുഴ സ്വദേശിനി ജില്ലാ കലക്ടര്‍ വി. ആര്‍. കൃഷ്ണ തേജയെ കണ്ടത്. വിദ്യാര്‍ത്ഥിനിക്ക് നഴ്‌സിംഗ് പഠനത്തിനായുള്ള പണം വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയിലൂടെയാണ് അല്ലു അര്‍ജുന്‍ ഏറ്റെടുത്തത്. ഇതിനായി കളക്ടര്‍ വിദ്യാര്‍ത്ഥിനിയുടെ വിഷയം അല്ലു അര്ജുന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പ്ലസ്ടു കഴിഞ്ഞ് പഠനം വഴിമുട്ടിനിന്ന ആലപ്പുഴ സ്വദേശിയായ വിദ്യാര്‍ഥിനിയുടെ നഴ്‌സിങ് പഠനത്തിന്റെ മുഴുവന്‍ ചെലവും വീ ആര്‍ ഫോര്‍ ആലപ്പി പദ്ധതിയുടെ ഭാഗമായി അല്ലു അര്‍ജുന്‍ ഏറ്റെടുത്തു.
പ്ലസ്ടു 92% മാര്‍ക്കോടെ വിജയിച്ചിട്ടും തുടര്‍ന്നു പഠിക്കാന്‍ വഴിയില്ലെന്ന സങ്കടവുമായാണ് കുട്ടി മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണ്ടത്. കുട്ടിയുടെ പിതാവ് കഴിഞ്ഞവര്‍ഷം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. നഴ്‌സാകാനാണ് ആഗ്രഹമെന്നു കുട്ടി പറഞ്ഞെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം കഴിഞ്ഞിരുന്നു. തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റില്‍ തുടര്‍പഠനം ഉറപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. കറ്റാനം സെന്റ് തോമസ് നഴ്‌സിങ് കോളജില്‍ സീറ്റ് ലഭിച്ചതോടെയാണ് ഒരു സ്‌പോണ്‍സറെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. തുടര്‍ന്നാണ് നടന്‍ അല്ലു അര്‍ജുനെ വിളിച്ച് കലക്ടര്‍ പഠനച്ചെലവ് ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ചത്. 4 വര്‍ഷത്തെ ഹോസ്റ്റല്‍ ഫീസ് അടക്കമുള്ള മുഴുവന്‍ ചെലവും അല്ലു അര്‍ജുന്‍ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം കലക്ടര്‍ എത്തിയാണ് കുട്ടിയെ കോളജില്‍ ചേര്‍ത്തത്.
ആരതിയുടെ പഠന ചിലവ്
ആരതി ദാസിന് എംബിബിഎസ് ആദ്യ അലോട്ട്‌മെന്റില്‍ പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചു. പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചെങ്കിലും 15ാം തീയതി കോളജില്‍ ക്ലാസ് തുടങ്ങുന്നതിന് മുന്നോടിയായി യൂണിഫോം, തുടക്കത്തിലെ ഫീസ്, മറ്റ് കാര്യങ്ങള്‍ എന്നിവയ്ക്കായി 40000 രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ഹരിദാസും കുടുംബവും. 24000 രൂപ തുടക്കത്തില്‍ കോളജില്‍ തന്നെ അടയ്ക്കണം. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും മകള്‍ ഡോക്ടര്‍ ആകുന്നതിന്റെ സന്തോഷത്തിലാണ് ഹരിദാസും കുടുംബവും ഇപ്പോള്‍. ഇളയമകള്‍ ഗൗരിദാസ് പ്ലസ് ടു വിദ്യാര്‍ഥിനിയാണ്.
അതേസമയം, ആരതിയുടെ പഠനചെലവ് കാര്യത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ ഇടപെട്ടിട്ടുണ്ട്. കൃഷ്ണ തേജയെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു പരിശീലിപ്പിച്ച ബാലലത മല്ലവരപ്പാണ് ചെലവുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ആരതിയുടെ അഞ്ച് വര്‍ഷത്തെ എല്ലാ ചെലവുകളും ഇദ്ദേഹം വഹിക്കും. പാലക്കാട് മെഡിക്കല്‍ കോളജില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചതിനാല്‍ കോളജ് ഫീസ് പട്ടികജാതി വകുപ്പ് നല്‍കും. പിടിഎ ഫണ്ട്, ഹോസ്റ്റല്‍ ഫീ തുടങ്ങിയ ചെലവുകളാണ് കണ്ടെത്താനുണ്ടായിരുന്നത്. ഹോസ്റ്റല്‍ ഫീ പിടിഎ ഫണ്ട് ഈ ചെലവുകളെല്ലാമാണ് ബാലലത വഹിക്കുന്നത്.
ഐ ആം ഫോര്‍ ആലപ്പി പദ്ധതിയുടെ പുതുക്കിയ പദ്ധതിയാണ് വീ ആര്‍ ഫോര്‍ ആലപ്പി. കൊവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പക്ഷേ വിദ്യാഭ്യാസത്തിനായുള്ള സഹായങ്ങള്‍ വീ ആര്‍ ഫോര്‍ ആലപ്പിയിലൂടെ അദ്ദേഹം എല്ലാവരിലേക്കും എത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വരുന്ന വാര്‍ത്തകളെല്ലാം.
ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായി കൃഷ്ണ തേജയെ നിയമിച്ചത് സര്‍ക്കാരിന്റെ മികച്ച തീരുമാനങ്ങളില്‍ ഒന്നു തന്നെയായിരുന്നു. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ ആലപ്പുഴക്ക് കാവലായി കൃഷ്ണ തേജ് ഐഎഎസ്് ഉണ്ട്.