ദൃശ്യം 2 വിജയത്തിനു പിന്നാലെ കൈതിയുടെ റീമേക്കുമായി അജയ് ദേവ്ഗണ്‍

1 min read

കൊവിഡ് കാലത്തിനു ശേഷം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് ഓരോ സൂപ്പര്‍താര ചിത്രങ്ങളുടെയും റിലീസ് കാത്തിരിക്കാറ്. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെയും ബോക്‌സ് ഓഫീസില്‍ തകര്‍ച്ച നേരിട്ടപ്പോള്‍ ബ്രഹ്!മാസ്ത്ര, ഭൂല്‍ ഭുലയ്യ 2 പോലെയുള്ള ചില ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ വാരാന്ത്യത്തില്‍ എത്തിയ അജയ് ദേവ്ഗണിന്റെ ഏറ്റവും പുതിയ ചിത്രം ദൃശ്യം 2 വിജയം നേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ന്റെ ഒഫിഷ്യല്‍ റീമേക്ക് ആണിത്. ഈ ചിത്രത്തിന്റെ വിജയത്തിനു ശേഷം അജയ് ദേവ്ഗണിന്റേതായി എത്തുന്ന പ്രോജക്റ്റുകളില്‍ ഒന്ന് അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ഒന്നാണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി.

ഭോലാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴില്‍ വന്‍ വിജയം നേടിയ കൈതിയുടെ റീമേക്ക് ആണ്. അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇത്. യു മേം ഓര്‍ ഹം, ശിവായ്, റണ്‍വേ 34 എന്നിവയാണ് സംവിധാനം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍. അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. 3 ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ടീസര്‍ നാളെ എത്തുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യയിലും റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ദൃശ്യം 2 നേടുന്നത്. ഇന്ത്യയില്‍ മാത്രം 3,302 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.