കൊവിഡിന് ശേഷം തിയറ്ററുകളില്‍ പൃഥ്വിരാജ് തരംഗം
1 min readകൊവിഡ് കാലത്തിനു ശേഷം സജീവമായ തിയറ്ററുകളില്‍ പൃഥ്വിരാജ് നായകനായ രണ്ട് ചിത്രങ്ങളാണ് വന്‍ സാമ്പത്തിക വിജയം നേടിയത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ലീഗല്‍ ത്രില്ലര്‍ ചിത്രം ജനഗണമനയും ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് മസാല ചിത്രം കടുവയും. പ്രമേയത്തെക്കുറിച്ച് കാര്യമായ സൂചനകളൊന്നുമില്ലാതെ എത്തിയ ജനഗണമനയുടെ റിലീസ് ഏപ്രില്‍ 28ന് ആയിരുന്നു. എന്നാല്‍ പറയുന്ന വിഷയത്തിലെ ഗൗരവവും സാങ്കേതിക മികവും പൃഥ്വിരാജ് സുരാജ് കോമ്പിനേഷനുമൊക്കെ ചിത്രത്തിന് ഗുണമായി. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം യഥാര്‍ഥത്തില്‍ ഒരു സൂപ്പര്‍ ഹിറ്റ് ആയിരുന്നു. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും ബോക്‌സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം പിന്നാലെ നെറ്റ്ഫ്‌ലിക്‌സിലൂടെയുള്ള ഒടിടി റിലീസിലൂടെ മറുഭാഷാ പ്രേക്ഷകരുടെയും കൈയടി നേടി. മെയ് 24ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
അതേസമയം സിനിമാപ്രേമികളില്‍ റിലീസിനു മുന്‍പേ വലിയ കൗതുകം പകര്‍ന്ന പ്രോജക്റ്റ് ആയിരുന്നു കടുവ. എട്ട് വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം മാസ് മസാല സിനിമകളുടെ മാസ്റ്റര്‍ ഷാജി കൈലാസിന്റെ തിരിച്ചുവരവ് ചിത്രം എന്നതായിരുന്നു കടുവയുടെ യുഎസ്പി. ജൂലൈ 7ന് തിയറ്ററുകളിലെത്തിയ ചിത്രം എന്താണോ വാഗ്ദാനം ചെയ്തത് അത് നല്‍കുന്നതില്‍ വിജയിച്ചു എന്നായിരുന്നു തിയറ്ററുകളില്‍ നിന്ന് ഉയര്‍ന്ന പ്രേക്ഷക പ്രതികരണം. ഫലം മികച്ച ഇനിഷ്യലാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും ആ പ്രതികരണം ലഭിച്ചതോടെ ബോക്‌സ് ഓഫീസ് വിജയമായി മാറി കടുവ. ഒപ്പം ഷാജി കൈലാസിന്റെ തിരിച്ചുവരവായും അത് അടയാളപ്പെട്ടു. ഓഗസ്റ്റ് 1ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.