ലൈംഗിക ബന്ധത്തിനിടെ അപസ്മാരം വന്നപ്പോള്‍ ഉപേക്ഷിച്ചു പോയി; 24 കാരന് കസ്റ്റഡിയില്‍
1 min readകൊല്ലം: കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളജിന് സമീപത്തെ ആള്‍ത്താമസമില്ലാത്ത റെയില്‍വെ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ 24 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാമൂട് പുളികുന്നില്‍ ഹൗസില്‍ ഉമ പ്രസന്നയുടെ (32) പൂര്‍ണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നു കഴിഞ്ഞ ദിവസം കണ്ടുകിട്ടിയത്.
ഡിസംബര്‍ 29 ന് കൊല്ലം ബീച്ചില്‍ വെച്ച് യുവതിയെ പരിചയപ്പെടുകയും പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തതായി യുവാവ് പോലീസിനോടു പറഞ്ഞു. ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നെന്നും ഇതേതുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഡിസംബര്‍ 29ന് കൊല്ലം ബീച്ചില്‍വെച്ചാണ് കേരളാപുരം സ്വദേശിയായ യുവതിയെ കാണാതായത്.
യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31 ന് കൊട്ടിയം പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ കയ്യില്‍ സംശയാസ്പദമായി ഫോണ്‍ കണ്ടതോടെയാണ് പോലീസ് പിടികൂടിയത്. എന്നാല്‍, ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്ന് ഇയാള്‍ പറഞ്ഞു. ഈ ഫോണില്‍ നിന്നു പോലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണ് കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം ഇവര്‍ പോലീസിനെ അറിയിച്ചു. ഫോണ്‍ പിടിച്ചെടുത്ത ശേഷം ഇയാളെ പോലീസ് വിട്ടയച്ചു.
തുടര്‍ന്ന്, യുവതിയുടെ വീട്ടുകാര്‍ കൊട്ടിയം പോലീസിലെത്തി ഫോണ്‍ വാങ്ങി യുവതിയെ കാണാനില്ലെന്നു പരാതി നല്കിയ കുണ്ടറ പോലീസില്‍ ഏല്‍പ്പിച്ചു. പിന്നീട്, അന്വേഷണം മുന്നോട്ടുപോയില്ല. ബുധനാഴ്ച (ജനുവരി 4) രാവിലെ യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ മുമ്പ് കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പോലീസ് അന്വേഷിച്ചു കണ്ടെത്തി. ഇതോടെയാണ് യുവതിയെ പരിചയപ്പെട്ടെന്ന കാര്യം യുവാവ് പോലീസിനോടു പറഞ്ഞത്.
ബുധനാഴ്ച രാവിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് മൃതദേഹത്തിന് സമീപത്ത് ഉണ്ടായിരുന്നത്. കൊല്ലം ബീച്ചില്‍ യുവതി എത്തിയെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും മറ്റു തുമ്പുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരിയായ ഉമയ്ക്ക് രണ്ട് മക്കളാണുള്ളത്. വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു.