വീഡിയോകളില്‍ ലഹരി ബോധവല്‍ക്കരണവും യാത്രാ വിവരണവും;വിക്കി തഗ് പോലീസ് പിടിയില്‍

1 min read

ലഹരി ബോധവല്‍ക്കരണവും യാത്രാ വിവരണവുമായി യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്‌ലോഗര്‍ വിക്കി തഗ് മയക്കുമരുന്നു ആയുധങ്ങളുമായി പിടിയില്‍. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്‌നേഷ് വേണു എന്ന ഇരുപത്തഞ്ചുകാരനാണ് വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു. ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും ഇയാള്‍ക്കൊപ്പം എക്‌സൈസ് പിടികൂടിയത്.

ഡാഷ് ബോര്‍ഡില്‍ നിന്ന് ആയുധങ്ങളും ഗിയര്‍ ലിവറിന് താഴെ നിന്ന് ലഹരി മരുന്നും കണ്ടെത്തിയത്. ലഹരി ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാനാവില്ലെന്ന് ഇയാള്‍ പല വേദികളിലും പറഞ്ഞിരുന്നു. നിരവധി സ്ഥാപനങ്ങളുടെ മോഡല്‍ കൂടിയാണ് വിക്കി തഗ് എന്ന വിഘ്‌നേഷ്. സമൂഹമാധ്യമങ്ങളില്‍ താരമായതിന് പിന്നാലെ നിരവധി ഉദ്ഘാടന പരിപാടികളിലെ സാന്നിധ്യമായിരുന്നു വിഘ്‌നേശ്. വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാര്‍ എക്‌സൈസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാളയാര്‍ ടോള്‍ പ്ലാസയിലെ ഡിവൈഡര്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ കടന്നുപോയത്. 40 ഗ്രാം മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. അറസ്റ്റിലായ ശേഷവും കൂസലില്ലാതെ സംസാരിക്കുന്ന് വിക്കി തഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലെ വീരവാദങ്ങള്‍ക്ക് പിന്നാലെ ഇയാള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന. നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫീനിക്‌സ് കപ്പിളെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തി നേടിയ ദേവു ഗോകുല്‍ ദമ്പതികളെ ഹണി ട്രാപ്പ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ആണ് സംഘം ഹണിട്രാപ്പില്‍പ്പെടുത്തിയത്. ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്താനായി ഹണി ട്രാപ്പൊരുക്കിയ വൈറല്‍ ദമ്പതിമാരുടെ റീല്‍സിലെ ജീവിതത്തിന് നിരവധി പേരാണ് അഭിപ്രായമറിയിച്ച് അവരെ പിന്തുടര്‍ന്നിരുന്നത്

Related posts:

Leave a Reply

Your email address will not be published.