വൈക്കത്ത് മദ്യ ലഹരിയില്‍ ഗൃഹനാഥന്‍ വീടിന് തീയിട്ടു.

1 min read

വൈക്കം : മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥന്‍ രാത്രി വീടിനു തീയിട്ടു. വീട്ടമ്മയും മൂന്നു മക്കളും അയല്‍ വീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി. കത്തിയമര്‍ന്ന വീട്ടിലെ ഒരു മുറിയില്‍ പുകയും ചൂടുമേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഗൃഹനാഥനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്ത് നാരായണഭവനില്‍ രാജീവാണ് മദ്യ ലഹരിയില്‍ ഇന്ന് പുലര്‍ച്ചെ വീടിന് തീയിട്ടത്.

മദ്യപിച്ചെത്തി ഇന്നലെ രാവിലെ മുതല്‍ രാജീവ് ഭാര്യയും മക്കളുമായി കലഹിക്കുകയായിരുന്നു. ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഇയാള്‍ പലതവണ ഭീഷണി മുഴക്കിയതിനാല്‍ സ്മിതയേയും മക്കളേയും അയല്‍ക്കാര്‍ രാത്രി തന്നെ തങ്ങളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

ഇക്കാര്യം അറിയാതെ വീണ്ടും മദ്യപിച്ചെത്തിയ രാജീവ് ഭാര്യയും മക്കളും കിടക്കുന്ന മുറിയില്‍ പുലര്‍ച്ചെ തീയിട്ടശേഷം മറ്റൊരുമുറിയില്‍ കിടന്നുറങ്ങി.

വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപ വാസികള്‍ ഓടിയെത്തി വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ രാജീവിനെ കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെ കട്ടിലില്‍ ബോധരഹിതനായി കിടക്കുന്നതു കണ്ടു. ഇവിടെ നിന്നും വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജീവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓടും ആസ്ബറ്റോസ് ഷീറ്റും മേഞ്ഞ വീട് പൂര്‍ണമായി കത്തി നശിച്ചു. മദ്യാസക്തിയുള്ള ഇയാള്‍ കുടുംബത്തിലെ കാര്യങ്ങള്‍ നോക്കാറില്ലെന്നും ഭാര്യ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണിയെടുത്ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് വീട്ടു ചെലവും കുട്ടികളുടെ
പഠനവും നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.