ഹോസ്റ്റലുകളില്‍ കയറി മൊബൈലും ലാപ്‌ടോപ്പും മോഷണം, മോഷ്ടിച്ച ബൈക്കുകളില്‍ കറക്കവും

1 min read

തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്ന് കോളേജ് ഹോസ്റ്റലുകളില്‍ കയറി മൊബൈലുകളും ലാപ് ടോപ്പുകളും കവര്‍ന്ന കേസില്‍ പ്രതികളെ പൊലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം രണ്ടു പേരാണ് പൊലീസിന്റെ പിടിയിലായത്. കഴക്കൂട്ടം കരിയില്‍ സ്വദേശി സുജിത്തും (19) പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയുമാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യം ഗവണ്‍മെന്റ്എഞ്ചിനീയറിംഗ് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നാണ് ഇവര്‍ മൊബൈലുകളും ലാപ് ടോപ്പുകളും കവര്‍ന്നത്.

കഴിഞ്ഞ മാസം എട്ടാം തീയതി വൈകുന്നേരമാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥികള്‍ കാണാതെ ഇരുവരും കോളേജ് ഹോസ്റ്റലില്‍ കയറി. തുടര്‍ന്ന് പൂട്ടിയിടാത്ത നാല് മുറികളില്‍ കയറി അഞ്ച് മൊബൈല്‍ ഫോണുകളും ഒരു ലാപ്‌ടോപ്പും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലിലെയും സമീപ പ്രദേശങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പാളയം ഭാഗത്ത് നിന്നും മോഷ്ടിച്ച ബൈക്കിലെത്തിയാണ് ഇരുവരും എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലില്‍ എത്തി മോഷണം നടത്തിയത്.

മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ ബീമാപള്ളിക്ക് സമീപമുള്ള ഒരു കടയില്‍ വില്‍ക്കുകയായിരുന്നു. ലാപ്‌ടോപ്പ് കഴക്കൂട്ടം ഭാഗത്തുള്ള തെറ്റിയാര്‍ തോട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ ആറുമാസം മുന്‍പ് പാങ്ങപ്പാറയില്‍ നിന്നും മോഷണം ചെയ്‌തെടുത്ത സ്‌കൂട്ടറില്‍ അമ്പാടി നഗറിലുള്ള മറ്റൊരു ഹോസ്റ്റലില്‍ കയറി ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷണം നടത്തിയതായി ഇരുവരും സമ്മതിച്ചു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.