പോക്‌സോ കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം
1 min readതിരുവനന്തപുരം: ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. ആക്രമണത്തില്‍ എഎസ്‌ഐയുടെ തലയ്ക്കു പരിക്കേറ്റു. പാറശാല സ്റ്റേഷനിലെ എഎസ്‌ഐ ജോണിന് ആണ് പരിക്കേറ്റത്. പോക്‌സോ കേസിലെ പ്രതിയായ കളിയിക്കാവിള ആര്‍.സി തെരുവില്‍ സ്റ്റാലിന്‍ (32) ആണ് അക്രമം നടത്തിയത്.
പതിനൊന്ന് വര്‍ഷം മുന്‍പ് റജിസ്റ്റര്‍ കേസിലെ പ്രതിയാണ് സ്റ്റാലിന്‍. പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ സ്റ്റാലിന്‍ അടുത്തിടെ നാട്ടിലെത്തിയിരുന്നു. പീഡനക്കേസ് പ്രതി നാട്ടിലെത്തിയ വിവരം അറിഞ്ഞ പൊലീസ് ഇയാളെ പിടികൂടാന്‍ മഫ്തിയില്‍ എത്തുകയായിരുന്നു. സ്ഥലത്തുവച്ച് ആറുപേര്‍ അടങ്ങുന്ന പൊലീസ് സംഘവും പ്രതിയും തമ്മില്‍ വാക്കേറ്റം ഉണ്ടായി. പിടിവലിക്കൊടുവില്‍ സ്റ്റാലിന്‍ ശക്തിയായി എഎസ്‌ഐയെ പിടിച്ച് തള്ളി. തള്ളലിന്റെ ആഘാതത്തില്‍ തറയില്‍ വീണാണ് ജോണിന് പരിക്കേറ്റത്. പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്കു പരിക്കേറ്റതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. പ്രതിയെ പൊലീസ് പിടികൂടി.
അതിനിടെ ആറ് വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് 62 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പാലക്കാട് ആണ് സംഭവം. മദ്രസ അധ്യാപകനായ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുല്‍ ഹക്കീമിനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയില്‍ വെച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.