കോയമ്പത്തൂര്‍ സ്‌ഫോടന കേസ്: പാലക്കാടും എന്‍ഐഎ റെയ്ഡ്
1 min readകോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് പാലക്കാടും എന്‍ഐഎ റെയ്ഡ്. കൊല്ലങ്കോടിനടുത്ത് മുതലമട ചപ്പക്കാടാണ് എന്‍ഐഎ സംഘം ഇന്ന് പുലര്‍ച്ചയെത്തി പരിശോധന നടത്തിയത്. മുതലമടയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി ഷെയ്ക്ക് മുസ്തഫയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം, ഡിജിറ്റല്‍ ഉപകരണങ്ങളും ഡോക്യുമെന്റുകളും പിടിച്ചെടുത്തു. ഐഎസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറിന്റെ ബന്ധുവാണ് മുസ്തഫ. ഇയാള്‍ക്ക് ഏതെങ്കിലും രീതിയില്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പാലക്കാട്ടെ റെയ്ഡ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു.
കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാലക്കാട്ടും പരിശോധനയുണ്ടായത്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതല്‍ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എന്‍ഐഎ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്.
കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ കൂട്ടാളികളില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും നേരത്തേ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നവരുടെ വീടുകളിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഐഎസ് അനുകൂലികള്‍ എന്ന് സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോയമ്പത്തൂരില്‍ സ്‌ഫോടനം നടന്ന ഉക്കടത്തിന് അടുത്തുള്ള പുല്ലുകാടില്‍ നിരവധി വീടുകള്‍ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂര്‍, സെല്‍വപുരം എന്നിവിടങ്ങളിലും റെയ്ഡ് ഉണ്ടായി. സംസ്ഥാന സായുധ പൊലീസ് സംഘം റെയ്ഡ് നടന്ന സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷയൊരുക്കി.
ചെന്നൈയില്‍ പെരമ്പൂര്‍, പുതുപ്പേട്ടൈ, മണ്ണടി അടക്കം അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. ചെന്നൈയില്‍ നിന്ന് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന് കാര്‍ വിറ്റയാളാണ് ഇതെന്നാണ് സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ജമേഷ മുബീന്റെ പക്കല്‍ എത്തിയതെന്ന് നേരത്തേ പൊലീസ് അന്വേഷണത്തില്‍ വെളിവായിരുന്നു. സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ സംഘടിപ്പിച്ചതില്‍ പങ്കുണ്ടെന്ന് കരുതുന്നവരുടേയും സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയതായി സംശയിക്കുന്നവരുടേയും വീടുകളില്‍ പരിശോധന നടന്നു. റെയ്ഡിലെ കണ്ടെത്തല്‍ സംബന്ധിച്ച വിശദാംശങ്ങളൊന്നും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.