കടലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

1 min read

തിരുവനന്തപുരം: പൂവാറില്‍ കടലില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം വഴിത്തിരിവിലേക്ക്. മൃതദേഹം മുങ്ങിമരിച്ചയാളുടെതല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ടെത്തിയ മുറിവ് മരണ കാരണമാണെന്ന നിഗമനത്തില്‍ പൂവാര്‍ തീരദേശ പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാല്‍, ഏറെ നാളത്തെ പഴക്കം കാരണം ജീര്‍ണ്ണിച്ച മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 40 വയസ് തോന്നിക്കുന്ന മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ട്. ദുരൂഹത നിറഞ്ഞ മൃതദേഹം ഉള്‍ക്കടലില്‍ എങ്ങനെ എത്തിയെന്നതും വ്യക്തമല്ല. ഇക്കഴിഞ്ഞ 6 ാം തിയതി പൂവാര്‍ തീരത്ത് നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റര്‍ അകലെ ഉള്‍ക്കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍, മത്സ്യത്തൊഴികളാണ് മൃതദേഹം കണ്ടെത്തിയത്.

അടിവസ്ത്രവും ബനിയനുമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് കഴുത്തിലെ മുറിവ് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികാരികളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയത്. ഫിങ്കര്‍ പ്രിന്റിന്റെയും ഡി.എന്‍.എയുടെയും ആന്തരിക അവയവങ്ങളുടെയും പരിശോധനാ ഫലം വരുന്നതോടെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും മുങ്ങിമരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരം ലഭിക്കുമെന്നും തീരദേശ സ്റ്റേഷന്‍ സി.ഐ. ബിജു.എന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.