ലഹരി വിമോചന കേന്ദ്രത്തിലെ കൊലപാതകം; അന്തേവാസി പൊലീസ് പിടിയില്‍
1 min readതിരുവനന്തപുരം: വെള്ളനാട് കരുണാസായി ലഹരി വിമോചന കേന്ദ്രത്തില്‍ നടത്തിയ കൊലപാതകത്തിന് ശേഷം മരത്തിലൂടെ ഊഴ്ന്നിറഞ്ഞി സ്‌കൂട്ടര്‍ മോഷ്ടിച്ച് രക്ഷപ്പെട്ട അന്തേവാസി പൊലീസ് പിടിയിലായി. ലഹരി കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിഞ്ഞ ആളെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷമാണ് കൊല്ലം പരവൂര്‍ പൂതക്കുളം പുത്തന്‍ വീട്ടില്‍ എസ്.ബിജോയി (25) ഇവിടെ നിന്നും രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് നിന്ന് ഷാഡോ പൊലീസ് സംഘം ഇയാളെ സഹോദരിയുടെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
കഴക്കൂട്ടം ഉള്ളൂര്‍ക്കോണം വടക്കുംകര പുത്തന്‍ വീട്ടില്‍ എം.വിജയ (50) നെയാണ് ബിജോയി ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മദ്യപാനം നിര്‍ത്താനായി ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇരുവരും. സംഭവത്തില്‍ ലഹരി വിമോചന കേന്ദ്രത്തില്‍ ബിജോയിയ്ക്ക് കൂട്ടിരുന്ന ആളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവമെന്ന് പൊലീസ് പറയുന്നു.
ലഹരിക്ക് അടിമയായ ബിജോയ് പെട്ടെന്ന് അക്രമാസക്തനാകുകയും തുടര്‍ന്ന് സമീപത്ത് നിക്കുകയായിരുന്ന വിജയനെ ചെടിച്ചട്ടി കൊണ്ടും ഇരുമ്പ് കമ്പി കൊണ്ടും അക്രമിക്കുകയുമായിരുന്നു. അടിയേറ്റ വിജയന്‍ ചോരവാര്‍ന്ന് നിലത്ത് വീണെങ്കിലും അക്രമാസക്തമായ ബിജോയിയെ ഭയന്ന് ആരും സമീപത്തേക്ക് പോയില്ല. ഇതിനിടയില്‍ ലഹരി വിമോചന കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകളും ബിജോയ് അടിച്ചു തകര്‍ത്തു. ഇതിനിടെ ലഹരി വിമാചന കേന്ദ്രത്തില്‍ നിന്നും അറിയിച്ചതനുസരിച്ച് പൊലീസ് വരുന്നത് കണ്ട ഉടനെ ബിജോയ് കെട്ടിടത്തിന്റെ മൂന്നാം നിലയിലേയ്ക്ക് ഓടിക്കയറുകയും ഇവിടെയുള്ള ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് സമീപത്തേക്ക് ചാഞ്ഞ് നിന്ന റബര്‍ മരത്തിലൂടെ മതിലിന് പുറത്തേക്ക് കടക്കുകയുമായിരുന്നു.
തുടര്‍ന്ന് സമീപത്തെ തോട്ടത്തിലൂടെ നടന്ന് റോഡിലേക്ക് എത്തിയ പ്രതി ഇവിടെ ഒരു സ്‌കൂട്ടറില്‍ താക്കോല്‍ ഇരിക്കുന്നത് കണ്ട്, ഇതുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ വിജയനെ പൊലീസ് ഉടന്‍ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവ ശേഷം സ്‌കൂട്ടറില്‍ കടന്ന പ്രതി, അഴിക്കോട് പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങിയതായും പൊലീസ് പറഞ്ഞു. സംഭവ ശേഷം പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. വര്‍ക്കലയില്‍ സഹോദരിയെ കാണാനായി ബിജോയി എത്തിയപ്പോളായിരുന്നു പൊലീസ് സംഘം ഇയാളെ പിടികൂടിയത്.