വീടുവാങ്ങി മോടി പിടിപ്പിച്ചതില്‍ സംശയം; 50 പവന്‍ മോഷ്ടിച്ച യുവാവിന് കുരുക്ക് വീണു

1 min read

പാലക്കാട്: പാലക്കാട് പറക്കുന്നത്ത് അന്‍പത് പവന്‍ സ്വര്‍ണവും പണവും മോഷണം പോയ കേസില്‍ അയല്‍വാസി പിടിയില്‍. പറക്കുന്നം സ്വദേശി ജാഫര്‍ അലിയാണ് സംഭവം നടന്ന് ഒരു വര്‍ഷത്തിന് ശേഷം പിടിയിലാകുന്നത്. അയല്‍വാസിക്ക് സമീപ കാലത്തുണ്ടായ സാമ്പത്തിക അഭിവൃദ്ധിയില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്റെ വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണം മോഷണം പോയത്. 2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിന്റെ വീട്ടില്‍ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാര്‍ വീടടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തി. സിസിടിവികള്‍ മുഴുവനും പരിശോധിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബഷീറിന്റെ ബന്ധുവിന്റെ വീട് സമീപവാസിയായ ജാഫര്‍ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങി. നാല് ലക്ഷം രൂപയുടെ നവീകരണവും നടത്തി.

സംശയം തോന്നി പ്രദേശവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാഫര്‍ അലിയെ കസ്റ്റഡിയിലെടുക്കുന്നത്. വിരലടയാളം പരിശോധിച്ചതോടെ പ്രതി ഇയാള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയത് താനാണെന്ന് ജാഫര്‍ അലി സമ്മതിച്ചു.

മോഷ്ടിച്ച സ്വര്‍ണം പല ഘട്ടങ്ങളിലായാണ് വില്പന നടത്തിയതെന്നും പൊലീസ് പറഞ്ഞു. മുന്‍പ് ഗള്‍ഫിലായിരുന്ന ജാഫര്‍ അലി 2019 മുതല്‍ നാട്ടിലാണ് താമസം. പറക്കുന്നത്തെ ഒരു പലചരക്ക് കടയിലാണ് ജോലി. നാട്ടുകാരുമായി എല്ലാ കാര്യത്തിനും സഹകരിച്ച് പ്രവര്‍ത്തിക്കുന്നയാളാണ് ജാഫര്‍ അലി. മോഷണം നടന്നപ്പോള്‍ പ്രതിയെ പിടിക്കാത്തതിലുള്ള പ്രതിഷേധത്തിന് മുന്നില്‍ ജാഫര്‍ അലിയുണ്ടായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പ്രതിയെ പിടിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് നോര്‍ത്ത് എസ് ഐ രാജേഷിനെയും സംഘത്തെയും നാട്ടുകാര്‍ അഭിനന്ദിച്ചു.

Related posts:

Leave a Reply

Your email address will not be published.