പ്രണയത്തിനെതിരെ ക്ലാസെടുത്ത മദ്‌റസാ അധ്യാപകനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു

1 min read

മലപ്പുറം: തിരൂരില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനാണെന്ന് പറഞ്ഞു പള്ളിയിലെ റൂമിലെത്തി മദ്രസാ അധ്യാപകനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്നുപേര്‍ അറസ്റ്റിലായി. പ്രണയത്തിനെതിരെ ക്ലാസെടുത്തുവെന്ന കാരണം പറഞ്ഞ് തൃപ്രങ്ങോട് പാലോത്ത് പറമ്പിലെ മദ്‌റസ അധ്യാപകനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കി ആക്രമിച്ച സംഘത്തെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് കാരണമായത് അധ്യാപകന്റെ പ്രണയ വിരുദ്ധ ക്ലാസെന്നാണ് പ്രതിയുടെ മൊഴി. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍, മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീന്‍ എന്നിവരെയാണ് തിരൂര്‍ ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്‌റസ അധ്യാപകനുമായ ഫൈസല്‍ റഹ്മാന് സംഘത്തിന്റെ ക്രൂര മര്‍ദനമേറ്റത്.

മൂവരും ഉച്ചയോടെ പള്ളിയിലെ താമസ മുറിയില്‍ എത്തി വല്യുമ്മാക്ക് സുഖമില്ലെന്നും പ്രാര്‍ത്ഥിക്കാന്‍ കൂടെ വരണം എന്നും പറഞ്ഞ് അധ്യാപകനെ പള്ളിയില്‍ നിന്ന് വിളിച്ചിറക്കുകയായിരുന്നു. സംഘത്തിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി നടന്നുവരാമെന്ന് അറിയിച്ചതോടെ സംഘം ആക്രമിക്കുകയും ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നു. 20കാരനായ കുന്നത്ത് മുട്ടനൂര്‍ സ്വദേശി മുഹമ്മദ് ഷാമില്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന് സിഐ ജിജോ അറിയിച്ചു.

ബന്ധുവിന്റെ കാര്‍ തരപ്പെടുത്തി സുഹൃത്തുക്കളേയും കൂട്ടി പള്ളിയിലെത്തി അധ്യാപകനെ ആക്രമിക്കുകയായിരുന്നു. പ്രണയത്തെ എതിര്‍ത്ത് പത്താംതരത്തില്‍ ഫൈസല്‍ റഹ്മാന്‍ കഴിഞ്ഞദിവസം ക്ലാസെടുത്തിരുന്നു. ഈ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി മുഖേന വിവരം അറിഞ്ഞതോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു. സംഘം എത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts:

Leave a Reply

Your email address will not be published.