കാലൊടിഞ്ഞ കുട്ടിയുടേത് അഭിനയമെന്ന് അധിക്ഷേപം

1 min read

കാക്കനാട്: ക്ലാസ്‌റൂമില്‍ കളിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ മൂന്നാംക്ലാസുകാരനെ അധ്യാപിക നിര്‍ബന്ധിച്ച് താഴേക്ക് നടത്തിച്ചതായി പരാതി. ഇടതു കാലിന്റെ എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയ കുഞ്ഞിനെ പിന്നീട് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. കാലില്‍ പ്ലാസ്റ്റര്‍ ഇട്ട കുട്ടിക്ക് ഒന്നര മാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് ഭാഗത്തു താമസിക്കുന്ന വീട്ടമ്മയായ സംഗീതയുടെ പരാതിയില്‍ ജില്ലാ കളക്ടര്‍ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന എട്ടുവയസ്സുകാരനാണ് ചികിത്സയില്‍ കഴിയുന്നത്. 16ന് ടീച്ചര്‍ ഇല്ലാത്ത സമയത്ത് ക്ലാസില്‍ ഓടി കളിക്കുന്നതിനിടെയാണ് കുട്ടി വീണത്. കരച്ചില്‍ കേട്ട് വന്ന ക്ലാസ് ടീച്ചര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാന്‍ തയ്യാറായില്ല. കുട്ടിയുടേത് അഭിനയമാണെന്ന് അധിക്ഷേപിക്കുകയും നിര്‍ബന്ധിച്ച് താഴത്തെ നിലയിലേക്ക് നടത്തിക്കുകയും ചെയ്‌തെന്ന് അമ്മയുടെ പരാതിയിലുണ്ട്.

അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല. വാന്‍ ഡ്രൈവറാണ് വിവരം അറിയിച്ചത്. കാലിന് നീരുവെച്ച നിലയിലായിരുന്നു.

ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോഴാണ് എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയത് കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്‌തെന്നും പരാതിയിലുണ്ട്. പരിക്കേറ്റ കുട്ടിയുടെ അഭിനയമാണെന്ന് പറഞ്ഞ് അധ്യാപകര്‍ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പരാതിയില്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.