കേശവദാസപുരം കൊലപാതകം കഴുത്തില്‍ കുത്തിയാണെന്ന് പൊലീസ്
1 min readതിരുവനന്തപുരം : കേശവദാസപുരത്ത് റിട്ട. ഗവ. ഉദ്യോഗസ്ഥയായ വീട്ടമ്മയെ പശ്ചിമ ബംഗാള്‍ സ്വദേശിയയായ തൊഴിലാളി കൊലപ്പെടുത്തിയത് കഴുത്തില്‍ കുത്തിയാണെന്ന് പൊലീസ് കണ്ടെത്തി. ഇതിനു പുറമെ സാരി ഉപയോഗിച്ച് കഴുത്ത് മുറുക്കുകയും ചെയ്തു. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ മനോരമ (68) കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ചെന്നൈ സ്പെഷല്‍ പൊലീസ് പിടികൂടിയ പശ്ചിമ ബംഗാള്‍ കൂച്ച് ബിഹാര്‍ ഹല്‍ദിബാരി ഗംഗാ ദോബയില്‍ ആദം അലി (21) യെ കേരള പൊലീസ് കോടതിയില്‍ ഹാജരാക്കി.9 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ നാളെ തെളിവെടുപ്പു നടത്തും. മോഷണത്തിനു വേണ്ടിയാണ് കൊലപാതകമെന്നും മൃതദേഹത്തിന്റെ കാലില്‍ കല്ല് കെട്ടി അയല്‍ വീട്ടിലെ കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തെത്തുടര്‍ന്ന് കേശവദാസപുരത്തു നിന്നു മുങ്ങിയെ ആദം അലിയെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി കണ്ടെത്തിയത്.
ഇതോടെ ആദത്തിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലേക്കും സന്ദേശം നല്കി. ചെന്നൈ എക്സ്പ്രസിലാണ് ആദം കടന്നത്. ചെന്നൈ ഡപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള പ്രത്യേക സംഘവും ചെന്നൈ റെയില്‍വേ സുരക്ഷാ സേനയും ചേര്‍ന്ന് ട്രെയിനുകളില്‍ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ചെന്നൈ സെയ്ദാപേട്ട് ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് എത്തിച്ചു.
ചെന്നൈ എക്സ്പ്രസിലാണ് ആദം കടന്നതെന്ന വിവരം തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണര്‍ അജിത് കുമാര്‍ ചെന്നൈ ഡപ്യൂട്ടി കമ്മിഷണറെ അറിയിച്ചു. ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി ഷീന്‍ തറയില്‍, മെഡിക്കല്‍ കോളജ് എസ്എച്ച്ഒ പി. ഹരിലാല്‍, എസ്ഐമാരായ പ്രശാന്ത്, പ്രിയ, രതീഷ്, എസ് സിപിഒമാരായ രഞ്ജിത്ത്, അനില്‍ സിപിഒമാരായ ബിമല്‍മിത്ര, ബിനു, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.