വെള്ളം ചോദിച്ചെത്തി കഴുത്ത് ഞെരിച്ചു കൊന്നു, സുബൈദ കൊലപാതക കേസില്‍ ഇന്ന് വിധി
1 min readകാസര്‍കോട്: പ്രമാദമായ കാസര്‍കോട് ചെക്കിപ്പള്ളത്തെ സുബൈദ കൊലപാതകത്തില്‍ ഇന്ന് വിധി പറയും. വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ പ്രതികള്‍ , സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. പെരിയ ആയമ്പാറ ചെക്കിപള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ഖാദര്‍, സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ്, മാന്യയിലെ അര്‍ഷാദ് എന്നിവര്‍ പിടിയിലായി. കേസില്‍ നാളെ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. സ്ഥലം നോക്കാനെന്ന വ്യാജേനയാണ് പ്രതികള്‍ സുബൈദയുടെ വീട്ടിലെത്തിയത്.
കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോകുകയായിരുന്ന സുബൈദയുടെ മുഖത്ത് സംഘം ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. നാലാം പ്രതിയായിരുന്ന പടഌകുതിരപ്പാടിയിലെ അബ്ദുല്‍ അസീസിനെ കേസില്‍ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.